പെണ്‍കുട്ടിക്ക് വാട്സ്ആപ്പ് ഉപയോഗം കൂടുതല്‍; ആണ്‍വീട്ടുകാർ വിവാഹമുപേക്ഷിച്ചു

പെൺകുട്ടി വാട്സ്ആപ്പിൽ കൂടുതൽ‌ സമയം ചെലവഴിക്കുന്നുവെന്നാരോപിച്ച് വരന്‍റെ വീട്ടുകാർ വിവാഹം ഉപേക്ഷിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. വിവാഹം നടക്കേണ്ടിയിരുന്ന ദിവസമാണ് വരന്‍റെ വീട്ടുകാർ തീരുമാനം അറിയിച്ചത്. 

എന്നാൽ വിവാഹത്തിൽ നിന്നും പിന്‍മാറാൻ വരൻറെ വീട്ടുകാർ കണ്ടെത്തിയ മുടന്തൻ ന്യായമാണിതെന്നും സ്ത്രീധനത്തുക കുറഞ്ഞുപോയതിന്‍റെ പേരിലാണ് ഇവർ പിൻമാറിയതെന്നും പെൺകുട്ടിയുടെ വീട്ടുകാർ ആരോപിക്കുന്നു. 65 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടെന്നും ഇവർ പറയുന്നു.

വരന്‍റെ വീട്ടുകാർക്കെതിരെ പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ''ക്ഷണിക്കപ്പെട്ടവർക്കൊപ്പം തങ്ങൾ വരന്‍റെ വീട്ടുകാരെ കാത്തിരിക്കുകയായിരുന്നു. വൈകിയപ്പോള്‍ ഫോണില്‍ ബന്ധപ്പെട്ടു. അപ്പോഴാണ് വിവരം അറിയുന്നത്'', പെൺകുട്ടിയുടെ പിതാവ് പറയുന്നു.