സ്റ്റാലിനെയും ഡിഎംകെയെയും വെല്ലുവിളിച്ച് ചെന്നൈയില്‍ അഴഗിരിയുടെ ശക്തിപ്രകടനം

ഡി.എം.കെയെയും എം.കെ.സ്റ്റാലിനേയും വെല്ലുവിളിച്ച് ചെന്നൈയിൽ എം.കെ. അഴഗിരിയുടെ ശക്തി പ്രകടനം. പതിനായിരത്തിലധികം പേരാണ് മറീന ബീച്ചിലെ കരുണാനിധി സമാധിയിലേക്കുള്ള റാലിയിൽ പങ്കെടുത്തത്. ഡി.എം.കെയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് അഴഗിരിയുടെ നീക്കങ്ങൾ.

പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യം ഡി.എം.കെ അധ്യക്ഷനും സഹോദരനുമായ എം.കെ.സ്റ്റാലിൻ നിരാകരിച്ചതിനെ തുടർന്നാണ് എം.കെ.അഴഗിരി റാലി സംഘടിപ്പിച്ചത്. ചെന്നൈ ട്രിപ്ലിക്കേനിൽ നിന്ന് പുറപ്പെട്ട റാലി മറീന ബീച്ചിലെ കരുണാനിധി സമാധിയിൽ സമാപിച്ചു. അഴഗിരിയെ കൂടി പാർട്ടിയിലെടുത്താൽ ഡി.എം.കെയ്ക്ക് അധികാരത്തിലെത്താമെന്നാണ് അനുയായികൾ പറയുന്നത്

ഡി.എം.കെ അംഗങ്ങളോ ഭാരവാഹികളോ റാലിയിൽ പങ്കെടുത്താൽ കടുത്ത നടപടിയുണ്ടാകുമെന്ന് സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.