പശുവിനെ കൊല്ലുന്നത് തീവ്രവാദത്തേക്കാൾ ഭീകരമായ കുറ്റമെന്ന് ബിജെപി എംഎൽഎ

ഗോവധം തീവ്രവാദത്തേക്കാൾ ഭീകരമായ കുറ്റമാണന്ന് ബിജെപി എംഎൽഎ ഗ്യാൻദേവ് അഹൂജ. തീവ്രവാദികൾ രണ്ടോ മൂന്നോ പേരെ കൊല്ലുക മാത്രമാണ് ചെയ്യുന്നത്. എന്നാൽ ഒരു പശുവിനെ കൊല്ലുമ്പോൾ ആയിരക്കണക്കിനാളുകളുടെ മതവികാരമാണ് വ്രണപ്പെടുന്നത്. അപ്പോഴാണ് പശുവിനെ കടത്തുന്നവർ അതിന്റെ ഭവിഷ്യത്തനുഭവിക്കേണ്ടി വരുന്നത് എന്നും എംഎൽഎ പറഞ്ഞു. 

പശുവിനെ ചൊല്ലി ആൾകൂട്ട കൊലപാതകം നടന്ന ലാലാവണ്ടി ഗ്രാമത്തിൽ തിങ്കഴാള്ച സന്ദർശനം നടത്തവെയാണ് എംഎൽഎയുടെ വിവാദ പ്രസ്താവന. പൊലീസ് പശുകടത്ത് നടുത്തുന്നവർക്ക് കൂട്ടുനിൽകുന്നുവെന്നും ഗ്യാൻദേവ് ആരോപിച്ചു. രണ്ടാഴ്ചയ്ക്കു മുമ്പാണ് പശുക്കടത്താരോപിച്ച് ആൾവാറിൽ ജനക്കൂട്ടം റക്ബർ ഖാൻ എന്നയാളെ തല്ലിക്കൊന്നത്.

ആൾക്കൂട്ട കൊലപാതങ്ങളിൽ സംസ്ഥാന സർക്കാരുകൾ കർശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞിരിന്നു. 2014 മുതൽ 2018 മാർച്ച 3 വരെ രാജ്യത്തെ 9 സംസ്ഥാനങ്ങളിൽ 45 പേരാണ് ആൾകൂട്ടത്തിന്റെ മർദ്ദനത്തിൽ കൊലപ്പെട്ടത്. ഇത്തരം സംഭവങ്ങൾ തടയാൻ കേന്ദ്ര സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു.