വായ്പക്കായി വ്യാജരേഖ; കർഷകരുടെ പേരിൽ വ്യവസായി തട്ടിയെടുത്തത് 5400 കോടി

കർഷകരുടെ വായ്പക്കെന്ന പേരിൽ വ്യാജരേഖകളുണ്ടാക്കി മഹാരാഷ്ട്രയിലെ പ്രമുഖവ്യവസായി തട്ടിയെടുത്തത് 5400 കോടി. പ്രതിപക്ഷപാർട്ടി നേതാവ് ധനഞ്ജയ് മുണ്ടെ നിയമസഭയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

ഗംഗാഖേദ് ഷുഗർ ആന്റ് എനർജി ലിമിറ്റഡ് സ്ഥാപകൻ രത്നാഗർ ഗട്ടെക്കെതിരെയാണ് ആരോപണം.‌ 600 കര്‍ഷകരുടെ പേരിലാണ് ഗട്ടെ വിവിധ ബാങ്കുകളിൽ നിന്ന് വായ്പകളെടുത്തത്. ഇവരിൽ പലർക്കും വായ്പ തിരിച്ചടക്കാത്തതിന് ബാങ്കുകൾ നോട്ടീസയച്ചിട്ടുണ്ട്. പലതും 25 ലക്ഷത്തിന് മുകളിൽ. വായ്പായിനത്തിൽ ഗട്ടെ തട്ടിയെടുത്തത് 5400 കോടി രൂപ.

ജൂലൈ അഞ്ചിന് ഗട്ടെക്കെതിരെ എഫ്ഐആർ രജിസ്റ്റർ െചയ്തിട്ടുണ്ട്. എന്നാൽ വ്യക്തമായ തെളിവുണ്ടായിട്ടും ഗട്ടെയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് മുണ്ടെ സഭയിൽ വിമർശനമുയർത്തി. നടപടിയെടുക്കാൻ വൈകിയാൽ നീരവ് മോദിയെപ്പോലെ ഗട്ടെയും രാജ്യം വിടുമെന്ന് മുണ്ടെ മുന്നറിയിപ്പ് നൽകി. 

കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്ത് 639 കർഷകരാണ് ആത്മഹത്യ ചെയ്തത്. കർഷകർ ദുരിതമനുഭവിക്കുമ്പോളാണ് അവരുടെ പേരിലും തട്ടിപ്പ്. ഗട്ടെക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.