സ്കൂൾ അടുക്കളയിൽ 60 വിഷപ്പാമ്പുകൾ! പാചകക്കാരി വിരണ്ടോടി

മഹാരാഷ്ട്രയിലെ ഒരു സ്കൂളിൻറെ അടുക്കളയിൽ നിന്ന് കണ്ടെത്തിയത് 60 രാജവെമ്പാലയെ. ഹിങ്കോളി ജില്ലയിലെ സില്ലാ പരിഷത് സ്കൂളിലാണ് സംഭവം. പാചകക്കാരിയാണ് വിറകുകൾ സൂക്ഷിച്ചിരുന്ന സ്ഥലത്ത് ആദ്യം രണ്ടു രാജവെമ്പാലയെ കണ്ടെത്തിയത്. പാചകത്തിനായി വിറകുകൾ എടുക്കാൻ തുടങ്ങിയപ്പോഴാണ് മറ്റു വിഷപ്പാമ്പുകൾ തലപൊക്കിയത്. ഇതോടെ പാചകക്കാരി പേടിച്ചോടി സ്കൂൾ അധികൃതരെ വിവരമറിയിച്ചു. 

വിവരമറിഞ്ഞ നാട്ടുകാർ വടികളുമായി പാമ്പുകളെ കൊല്ലാനെത്തിയെങ്കിലും സ്കൂൾ അധികാരികളുടെ നിർദേശത്തെ തുടർന്ന് പാമ്പു പിടിത്തക്കാരനെ വിവരമറിയിച്ചു. രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പുകളെ മുഴുവൻ പിടികൂടി ഫോറസ്റ്റ് ഓഫീസറെ ഏൽപിച്ചു. 

ഏഷ്യയിൽ കാണപ്പെടുന്ന പാമ്പുകളിൽ ഏറ്റവും അപകടകാരിയായ ഇനത്തിൽ പെടുന്നവയാണ് രാജവെമ്പാല. ഇവയുടെ കടിയേറ്റ് പ്രതിവർഷം ആയിരം മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.