ഗിന്നസ് ബുക്കിൽ മോദിയെയും ചേർക്കൂ; ഗോവ കോൺഗ്രസിന്‍റെ പരിഹാസകത്ത്

വിദേശയാത്രകളുടെ എണ്ണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും ഗിന്നസ് ബുക്കിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗോവ കോൺഗ്രസ് ഗിന്ന്സ വേൾഡ് റെക്കോര്‍ഡ് അധികൃതർക്ക് കത്തയച്ചു.  നാലു വർഷത്തിനിടെ 52 രാജ്യങ്ങളിലേക്കായി 41 യാത്രകൾ മോദി നടത്തിയെന്നും 355 കോടി രൂപയാണ് ഇതിനായി ചിലവിട്ടതെന്നും കത്തിൽ പറയുന്നു. ഗോവയിലെ കോൺഗ്രസ് ജനറൽ സെക്രട്ടറി സങ്കൽപ് അമോങ്കർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

'ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേര് ഗിന്നസിലേക്ക് നിർദേശിക്കുന്നതിൽ ഞങ്ങൾ വളരെ അഭിമാനിക്കുന്നു. ഇന്ത്യയുടെ സമ്പദ്‍ വ്യവസ്ഥയെ കൃത്യമായി അദ്ദേഹം വിനിയോഗിക്കുന്നുണ്ട്. ഇതുവരെ 52 രാജ്യങ്ങളിലേക്കായി 41 യാത്രകൾ നടത്തിയിട്ടുണ്ട്.  355 കോടിയോളം രൂപയാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്. അതിനാൽ എന്തായാലും റെക്കോർഡിൽ ഇടം നൽകണം'. ഇതാണ് കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നാണ് അമോങ്കറിന്റെ പരിഹാസം.

മാത്രമല്ല ഭാവിതലമുറയ്ക്ക് അദ്ദേഹം മികച്ച മാതൃകയാണെന്നും പറയുന്നു. മോദിയുടെ ഭരണകാലത്താണ് രൂപയുടെ മൂല്യം 69 കടന്നതെന്നും അദ്ദേഹം മോദിയെ വിമർശിച്ച് പറയുന്നു.