വെടിനിർത്തൽ പിൻവലിച്ചു; സൈനിക നടപടി ഉടനെന്ന് ഇന്ത്യ

റമസാന്‍ മാസത്തില്‍ ജമ്മുകശ്മീരില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ഭീകരര്‍ക്കെതിരായ സൈനിക നടപടികള്‍ ഉടന്‍ പുന:രാരംഭിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കി. പ്രകോപനങ്ങള്‍ വര്‍ധിച്ചിട്ടും കശ്മീരില്‍ സമാധാനം കാത്തുസൂക്ഷിച്ച സുരക്ഷാസേനയ്ക്ക് രാജ്നാഥ്സിങ് ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു. വെടിനിര്‍ത്തല്‍ കാലയളവില്‍ ഭീകരാക്രമണവും സാധാരണക്കാര്‍ക്കുനേരെയുള്ള അതിക്രമവും വര്‍ധിച്ചിട്ടുണ്ട്. 

ഭീകരതക്കെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും രാജ്നാഥ് സിങ് ആഹ്വാനം ചെയ്തു.  മേയ് പതിനാറിനാണ് കശ്മീരില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അതേസമയം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിരുന്നു.