മഹാരാഷ്ട്രയിൽ ദലിത് കുട്ടികളെ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധംശക്തം

കുടിവെളളം മലിനമാക്കിയെന്നാരോപിച്ച് മഹാരാഷ്ട്രയിൽ ദലിത് കുട്ടികളെ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധംശക്തം. അക്രമം മനുഷ്യത്വരഹിതമെന്ന് വിശേഷിപ്പിച്ച രാഹുൽഗാന്ധി, ആർഎസ്എസിന്‍റെയും ബിജെപിയുടേയും വിഷരാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ ചരിത്രം മാപ്പുതരില്ലെന്ന് അഭിപ്രായപ്പെട്ടു. അതേസമയം, സംഭവത്തിൽ രണ്ടുപേർ ഇതിനോടകം അറസ്റ്റിലായതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. 

മഹാരാഷ്ട്ര ജല്‍ഗാവിലെ വഘാഡി ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ഈസംഭവം നടന്നത്. പൊതുജനങ്ങൾ ഉപയോഗിക്കാറുണ്ടായിരുന്ന കിണറിൽ ഇറങ്ങികുളിച്ച മൂന്നുവിദ്യാർഥികളെ ഒരുകൂട്ടം ചെറുപ്പാക്കാർചേർന്ന് മർദിച്ചു. വിവസ്ത്രരാക്കി ബെൽറ്റുകൊണ്ടും വടികൊണ്ടും അടിച്ചു. സംഭവം വിവാദമായതോടെയാണ് ആർഎസ്എസിനെതിരായ ആയുധമാക്കി രാഹുൽഗാന്ധിയും രംഗത്തെത്തിയത്. ആർഎസ്എസിന്‍റെയും ബിജെപിയുടേയും വിഷരാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ ചരിത്രം മാപ്പുതരില്ലെന്ന് ദൃശ്യങ്ങൾക്കൊപ്പം അദ്ദേഹം ട്വീറ്റ്ചെയ്തു.

എന്നാൽ, അക്രമത്തിന് നേതൃത്വംനൽകിയ ഈശ്വർജോഷി, പ്രഹ്ളാദ് ലോഹർ എന്നിവരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. കുട്ടികൾ ഉപയോഗിച്ചത്, ഈശ്വർ ജോഷിയുടെ ഉടമസ്ഥതയിലുള്ള കിണറാണെന്നും പൊലീസ്പറയുന്നു. ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനി, മഹാരാഷ്ട്രയിലെ ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെ, കോൺഗ്രസ് നേതാവ് അശോക്ചവാൻ തുടങ്ങിയവർ കുറ്റക്കാർക്കെതിരെ കർശനനടപടി ആവശ്യപ്പെട്ടു.