'ഹിന്ദു വിരുദ്ധ, കൊല്ലപ്പെടേണ്ടവള്‍'; ഗൗരി ലങ്കേഷ് വധക്കേസിലെ നിര്‍ണായക മൊഴി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധക്കേസില്‍ കൊലപാതകികള്‍ക്ക് ബുള്ളറ്റ് കൈമാറിയ കുറ്റം സമ്മതിച്ച് അറസ്റ്റിലായ നവീന്‍കുമാര്‍. യുക്തിവാദ ചിന്തകനും എഴുത്തുകാരനുമായ കെഎസ് ഭഗവാന്‍വധക്കേസിലും ഇയാള്‍ക്ക് പങ്കുള്ളതായി പൊലീസ് പറയുന്നു. അനധികൃത ആയുധഇടപാടുകാരന്‍കൂടിയാണ് നവീന്‍. 

'ഗൗരി ലങ്കേഷ് ഹിന്ദുവിരുദ്ധയാണ്, അതുകൊണ്ടാണ് അവരെ കൊല്ലുന്നത്'. ബുള്ളറ്റുകള്‍വാങ്ങാന്‍വന്ന പ്രവീണ്‍എന്നയാള്‍നവീനോട് പറഞ്ഞതാണ്. പ്രവീണ്‍നേരിട്ട് നവീന്റെ വീട്ടിലെത്തിയാണ് ബുള്ളറ്റുകള്‍ പരിശോധിച്ചത്. പുതിയ ബുള്ളറ്റുകള്‍ വാങ്ങാന്‍ നവീനോട് നിര്‍ദേശിച്ചു. തീവ്രഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ള പ്രവീണും നവീനും നേരത്തെ പരിചയക്കാരായിരുന്നുവെന്നും നവീന്‍ പൊലീസിന് നല്‍കിയ മൊഴിയില്‍പറയുന്നു. 

ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട ദിവസം, സെപ്തംബര്‍ അഞ്ചിന് മംഗലാപുരത്തായിരുന്നുവെന്നും വാര്‍ത്തകളിലൂടെയാണ് വിവരം അറിഞ്ഞതെന്നും നവീന്റെ മൊഴിയില്‍പറയുന്നു. 

‍കേസില്‍പൊലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലാണ് നവീന്റെ മൊഴിയുള്ളത്. ബെംഗളുരുവിലും ബെല്‍ഗാമിലും വെച്ചാണ് ആസൂത്രണം നടന്നത്. ഗൗരി ലങ്കേഷിന്റെ വീട്ടിലെത്താന്‍ പ്രതികള്‍ തയ്യാറാക്കിയ റൂട്ട് മാപ്പും കുറ്റപത്രത്തിന്റെ ഭാഗമാണ്. കെഎസ് ഭഗവാന്‍ വധക്കേസിന്റെ ആസൂത്രണത്തിലും നവീന് പങ്കുള്ളതായി പ്രത്യേക അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. 

ഹിന്ദുത്വസംഘടനകളുമായി ബന്ധമുള്ള നവീന്‍ ഹിന്ദു യുവസേനയുടെ സ്ഥാപകന്‍കൂടിയാണ്.