തൂത്തുക്കുടിയിലേത് ‘ജാലിയൻ വാലാബാഗ്’: രോഷനടുവില്‍ സര്‍ക്കാര്‍; രാജ്യമാകെ പ്രതിഷേധം

തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സ്റ്റർലൈറ്റ് ഉരുക്കുവ്യവസായ കമ്പനിക്കെതിരായ പ്രക്ഷോഭത്തിനിടെ 12 പേരെ വെടിവെച്ചുകൊന്ന പൊലീസ് നടപടിയിൽ പ്രതിഷേധം കത്തുന്നു. നാടിനെ നടുക്കിയ സംഭവത്തെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയോടാണ് തമിഴ്നാട്ടിലെ പ്രതിപക്ഷം ഉപമിച്ചത്. പ്രതിഷേധക്കാർക്കുനേരെ വെടിയുതിർത്തത് കരുതിക്കൂട്ടിയാണെന്ന് തെളിയിക്കുന്ന വിഡിയോ പുറത്തുവന്നതോടെ പൊലീസിനും എഐഎഡിഎംകെ സർക്കാരിനുമെതിരെ ജനരോഷം ആളിക്കത്തുകയാണ്. പ്രതിഷേധം കണക്കിലെടുത്ത് വൈകിയെങ്കിലും ജുഡീഷ്യൽ അന്വേഷണത്തിന് മുഖ്യമന്ത്രി പളനിസ്വാമി ഉത്തരവിട്ടു. 

തമിഴ്നാട് ഭരിക്കുന്നത് ഫാസിസ്റ്റ് സർക്കാരാണെന്നും പ്രക്ഷോഭങ്ങൾ വർധിക്കുന്നത് സർക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവാണെന്നും ഡിഎംകെ നേതാവ് ശരവണൻ പറഞ്ഞു. ജാലിയൻവാലാബാഗ് ദുരന്തത്തെയാണ് തൂത്തുക്കുടി ഓർമിപ്പിക്കുന്നതെന്നും ശരവണൻ പ്രതികരിച്ചു.

പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ മറ്റ് മാർഗങ്ങളുണ്ടായിട്ടും വെടിയുതിർത്ത പൊലീസ് ക്രൂരതക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം പടരുകയാണ്. മാരകമായ പരുക്കുകൾ ഒഴിവാക്കാന്‍ പ്ലാസ്റ്റിക്, റബ്ബർ ബുള്ളറ്റുകൾ എന്തുകൊണ്ട് ഉപയോഗിച്ചില്ല എന്നും ചോദ്യമുയരുന്നു. സംഭവത്തിൽ പ്രതിഷേധമറിയിച്ച് ദേശീയ നേതാക്കളുൾപ്പെടെ രംഗത്തുവന്നപ്പോൾ മാത്രമാണ് സർക്കാർ പ്രതികരിക്കാൻ തയ്യാറായത്.

സർക്കാർ സ്പോൺസർ ചെയ്ത കൊലകളെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വിമർശം. ആര്‍എസ്എസ് സിദ്ധാന്തത്തെ അംഗീകരിക്കാത്തതിനാലാണ് തമിഴ്നാട്ടുകാര്‍ കൊല്ലപ്പെടുന്നതെന്ന് തമിഴ് ഭാഷയില്‍ രാഹുല്‍ ട്വീറ്റ് ചെയ്തു. മോദിയുടെ വെടിയുണ്ടകള്‍ക്ക് തമിഴ് ജനതയെ അടിച്ചമര്‍ത്താനാകില്ല. കോണ്‍ഗ്രസ് തമിഴ്നാട്ടുകാര്‍ക്കൊപ്പമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. അപലപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയും രംഗത്തെത്തി.  

വ്യവസായശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. പ്രതിഷേധക്കാർ അക്രമാസക്തരായതിനെത്തുടർന്നാണ് വെടിയുതിർത്തത് എന്നായിരുന്നു പൊലീസിന്റെ വാദം. ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണ് പൊലീസ് നടപടിയെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്നാല്‍ വെടിയുതിർക്കുമെന്ന മുന്നറിയിപ്പോ ആകാശത്തേക്ക് വെടിയുതിർക്കുകയോ ചെയ്യാതെയായിരുന്നു പൊലീസ് നടപടിയെന്ന് വിഡിയോയിൽ വ്യക്തമാണ്.