തോറ്റിട്ടും കോണ്‍ഗ്രസ് വിജയം ആഘോഷിക്കുന്നു; കോടതിയില്‍ കള്ളം പറഞ്ഞു: അമിത് ഷാ

ഗോവയിലും മണിപ്പൂരിലും സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷാ. കര്‍ണാടകയില്‍ അഴിമതിക്കറ പുരണ്ട സിദ്ധരാമയ്യ സര്‍ക്കാരിനെതിരെയാണ് ജനം വിധിയെഴുതിയതെന്നും തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത്ഷാ വ്യക്തമാക്കി. പണമൊഴുക്കി ഭരണഘടനയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന അമിത് ഷായും ബി.ജെ.പിയും മാപ്പുപറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ജെ.ഡി.എസുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഒരു മുഖ്യമന്ത്രിയെക്കൂടി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു. ജനം ജയിപ്പിച്ചത് ബി.ജെ.പിയെയാണ്. ജനവിധി കോണ്‍ഗ്രസിനെതിരാണെന്നും അമിത്ഷാ വ്യക്തമാക്കി. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ ബി.ജെ.പി ഒരിക്കലും ശ്രമിക്കില്ല. കൂടുതല്‍ സീറ്റ് ലഭിച്ചതുകൊണ്ടാണ് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചത്. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് രാഷ്ട്രീയം കളിച്ചത് കോണ്‍ഗ്രസാണ്. പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന രാഹുലിന്‍റെ ആരോപണത്തിന് ഉചിതമായ സമയത്ത് മറുപടിയുണ്ടാകും. ഗോവയിലും മണിപ്പൂരിലും ബി.ജെ.പി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിശ്രമത്തിലായിരുന്നുവെന്നും അമിത്ഷാ കുറ്റപ്പെടുത്തി. 

തിരഞ്ഞെടുപ്പിന് ശേഷം ജനാധിപത്യത്തിലും വോട്ടിങ് മെഷീനിലും സുപ്രീംകോടതിയിലും കോണ്‍ഗ്രസിന് വിശ്വാസം വന്നു. ചീഫ് ജസ്റ്റിസിനെതിരെ ഇനിയെങ്കിലും ഇംപീച്ച്മെന്‍റിന് കോണ്‍ഗ്രസ്  തയ്യാറാകില്ലെന്നാണ് കരുത്തുന്നതെന്നും അമിത്ഷാ പരിഹസിച്ചു. ഭരണഘടനയെ വിശ്വാസമില്ലാത്ത അമിത്ഷായും കൂട്ടരും പണമൊഴുക്കിയാണ് എല്ലാം നേടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദശര്‍മ പ്രതികരിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരെ തട്ടിക്കൊണ്ടുപോയവരാണ് നല്ല പിള്ള ചമയുന്നതെന്നും ആനന്ദ്ശര്‍മ ആരോപിച്ചു.