മാളത്തിലൊളിച്ച എംഎല്‍എമാരെ പുകച്ചുചാടിച്ചു; വിജയ തന്ത്രങ്ങളുടെ അമരത്ത് ഡി.കെ

കര്‍ണാടകപ്പോരില്‍ കോണ്‍ഗ്രസ് നീക്കങ്ങളുടെ അമരത്തു നിന്നത് ഡി.കെ.ശിവകുമാര്‍.  കോണ്‍ഗ്രസ് പ്രതിസന്ധി മണത്ത വ്യാഴാഴ്ച പകല്‍ മുതല്‍ സമാനതകളില്ലാത്ത രാഷ്ട്രീയ കരുനീക്കങ്ങളാണ് ബെംഗളൂരുവില്‍ അരങ്ങേറിയത്.  അധികാരത്തിന്‍റെ കരുത്തും പണത്തിന്‍റെ പ്രലോഭനവും വച്ചുനീട്ടിയിട്ടും ഒരംഗംപോലും ചോര്‍ന്നുപോകാതെ കാത്തത് ശിവകുമാറിന്‍റെ ചടുലനീക്കങ്ങളാണ്.  

അനിശ്ചിതത്വങ്ങളുടെ പകലില്‍ എല്ലാം നിശ്ചയമുണ്ടായിരുന്നതു പോലെയായിരുന്നു ശിവകുമാറിന്‍റെ പ്രതികരണങ്ങള്‍. കാണാമറയത്തായിരുന്ന അനന്ദ് സിങ്ങിനെയും പ്രതാപ് ഗൗഡ പാട്ടീലിനെയും കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ‘അവര്‍ വരും; വോട്ട് കോണ്‍ഗ്രസിനു ചെയ്യും’ എന്ന ഉറച്ച മറുപടി.  ഒളിവിലായിരുന്ന പ്രതാപ് ഗൗഡ പാട്ടീലിനെ  ഹോട്ടലില്‍ച്ചെന്നു കണ്ട് നിയമസഭയിലെത്തിച്ചു. പിന്നാലെ ആനന്ദ് സിങ് സഭയിലെത്തുമ്പോള്‍  ധൈര്യവും ഉറപ്പുമായി ഒരേ സീറ്റിലിരുന്നു. 

ഡൊഡ്ഡലഹള്ളി കെംപെഗൗഡ ശിവകുമാര്‍ എന്ന കര്‍ണാടകരാഷ്ട്രീയത്തിലെ വമ്പന്‍റെ തന്ത്രങ്ങളായിരുന്നു മാളത്തിലൊളിച്ച രണ്ട് എം.എല്‍.എമാരെയും പുകച്ചു പുറത്തുചാടിച്ചത്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ചാഞ്ചാടിയ ഗുജറാത്തിലെ  44 കോണ്‍ഗ്രസ് എംഎല്‍എമാരെ അമിത്ഷായുടെ കയ്യെത്താതെ കാത്തതും ഡി.കെ.ശിവകുമാറായിരുന്നു. എന്‍ഫോഴ്സ്മെന്‍റിനുപോലും കൃത്യമായി കണക്കെടുക്കാനാകാത്ത സ്വത്തുക്കള്‍. ശിവകുമാറിനെ ഒതുക്കാന്‍ ബിജെപിയുടെ തുറുപ്പുചീട്ട്. എന്‍ഫോഴ്സ് റെയ്ഡിന്‍റെ രൂപത്തില്‍ അത് ശിവകുമാറിനെ തലങ്ങും വിലങ്ങും ആക്രമിച്ചു. 

300 ഉദ്യോഗസ്ഥര്‍ 67 ഇടങ്ങളിലായി നടത്തിയ റെയ്ഡ് 80 മണിക്കൂര്‍ നീണ്ടു. 300 കോടിയുടെ വെളിപ്പെടുത്താത്ത സ്വത്ത് കണ്ടുകെട്ടിയതിലാണ് അത് അവസാനിച്ചത്.   തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ശിവകുമാറിന്‍റെ ആസ്തി 618 കോടി രൂപയായിരുന്നു. രാജ്യത്തെ ഏറ്റവും സമ്പന്നനായ മന്ത്രിയായിരുന്നു. കര്‍ണാടകയിലെ കനകപുരയില്‍ ഇടത്തരം കര്‍ഷക കുടുംബത്തില്‍  ജനിച്ച ശിവകുമാറിന്‍റെ കോണ്‍ഗ്രസ് പ്രവേശനം വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു. പിന്നീടങ്ങോട്ട് ശരവേഗത്തില്‍ വളര്‍ച്ച. 25ാം വയസില്‍ ദേവഗൗഡക്കെതിരെ മല്‍സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക്. 

എസ്.എം.കൃഷ്ണ പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസിന്‍റെ വൊക്കലിംഗ നേതാവായി. രാഷ്ട്രീയത്തിലും പുറത്തും ശിവകുമാറിന്‍റെ വലംകൈ സഹോദരന്‍ ഡി.കെ.സുരേഷാണ്. കനകപുരയിലെ അനധികൃത ഖനനം, ശാന്തിനഗര്‍ ഹൗസിങ് സൊസൈറ്റി  തുടങ്ങിയ അഴിമതിയാരോപണങ്ങളും 2015ല്‍ ശിവകുമാറിനും സുരേഷിനും എതിരെ ഉയര്‍ന്നിരുന്നു. തന്ത്രങ്ങളുടെ അമരത്തുനിന്ന്തിന് സമ്മാനമായി കെപിസിസി അധ്യക്ഷ പദം ഡി.കെയെ തേടിയെത്തും എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.