കഠ്‌വ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തി; ഗൂഗിളിനും ഫെയ്സ്ബുക്കിനും കോടതി നോട്ടീസ്

കഠ്‌വ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയ ഗൂഗിളിനും ഫെയ്സ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. ജമ്മു കശ്മീരിലെ കഠ്‌വ ജില്ലയിൽ മൃ‍ഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ എട്ട് വയസ്സുകാരിയായ പെൺകുട്ടിയുടെ പേരും ചിത്രങ്ങളുമടക്കം ഗൂഗിളും മറ്റ് സാമൂഹിക മാധ്യമങ്ങളും വെളിപ്പെടുത്തി എന്നാരോപിച്ചാണ് നോട്ടീസ്. എന്നാൽ കോടതി അയച്ച നോട്ടീസിനോട് സാമൂഹിക മാധ്യമങ്ങളുടെ ഇന്ത്യൻ പ്രതിനിധികൾ പ്രതികരിക്കാൻ തയ്യാറായില്ല. കോടതിയോട് പ്രതികരിക്കാനുള്ള അധികാരം തങ്ങൾക്കില്ലെന്നാണ് അവരുടെ പ്രതികരണം.

'നിങ്ങള്‍ രാജ്യത്തിനോട് ചെയ്ത അധർമ്മമാണിത്. ഇത് രാജ്യത്തിനെ മോശമായി അടയാളപ്പെടുത്തുന്ന പ്രവൃത്തിയാണ്.രാജ്യത്തിനോടും പെൺകുട്ടിയുടെ കുടുംബത്തിനോടും ചെയ്ത അനീതിയാണ്. ഇത് ഒരിക്കലും അനുവദനീയമല്ല'; നോട്ടീസ് പുറപ്പെടുവിച്ചുകൊണ്ടുള്ള കോടതിയുടെ വാക്കുകൾ ഇതാണ്. ജ‍ഡ്ജിമാരായ ഗിതാ മിത്തൽ, ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.പ്രസ് കൗൺസിൽ ആക്ട് പ്രകാരം ചില മാധ്യമ സ്ഥാപനങ്ങളും സമാനമായി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 12 മാധ്യമസ്ഥാപനങ്ങളോട് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി ഈടാക്കാനും ഉത്തരവിട്ടിരുന്നു. മെയ് 29ന് കേസിൽ തുടർവാദം കേൾക്കും.