ജസ്റ്റിസ് ചലമേശ്വർ സുപ്രീംകോടതിയിൽ നിന്ന് പടിയിറങ്ങി

ജഡ്ജിയായി അവസാനപ്രവര്‍ത്തിദിനം പൂര്‍ത്തിയാക്കി ജസ്റ്റിസ് ജെ.ചെലമേശ്വര്‍ സുപ്രീംകോടതിയില്‍നിന്ന് പടിയിറങ്ങി. ഔദ്യോഗികമായ യാത്രയയപ്പിന്റെ അഭാവത്തില്‍ തുറന്നകോടതിയില്‍വച്ച് ചെലമേശ്വറിനെ അഭിഭാഷകര്‍ ആദരിച്ചു. അടുത്തമാസം 28നാണ് ചെലമേശ്വറിന്റെ കാലവധി ഔദ്യോഗികമായി പൂര്‍ത്തിയാകുന്നത്. [

ഇന്ത്യന്‍ നിതീന്യായ ചരിത്രത്തില്‍ സ്വന്തം പേര് കോറിയിട്ടാണ് ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ വിടവാങ്ങിയത്. നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യറാകാതെ ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തനം തന്നെ ശരിയല്ലെന്ന് തുറന്നടിച്ച വ്യക്തിത്വം. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡുമായും ബെഞ്ച് പങ്കിട്ട ചെലമേശ്വര്‍ അവസാനദിവസം പതിനൊന്നുകേസുകളാണ് പരിഗണിച്ചത്. അഭിഭാഷകരായ പ്രശാന്ത് ഭൂഷണും, രാജീവ് ദത്തയും, ഗോപാല്‍ ശങ്കരനാരയണനും ചെലമേശ്വറിന്റെ സേവനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിച്ചു. രാജ്യത്തിനും അതിന്റെ ജനാധിപത്യത്തിനും വേണ്ടി താങ്കള്‍ നല്‍കിയ സംഭാവനകളെ ഭാവി തലമുറ സ്മരിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. കോടതിയുടെ ഉന്നതമായി മൂല്യങ്ങളെ ഉയര്‍ത്തിപിടിച്ചതിന് നന്ദി പറഞ്ഞു കൊണ്ടാണ് രാജീവ് ദത്ത സംസാരിച്ചത്.  കോടതിയിലെ ജൂനിയറായ അംഗങ്ങളോട് പ്രകടിപ്പിച്ച സ്നേഹവും കരുതലും എല്ലാക്കാലവും സ്മരിക്കപ്പെടുമെന്ന് ഗോപാല്‍ ശങ്കരനാരയണന്‍. ഇരുപത് മിനിട്ടോളം ചേര്‍ന്ന കോടതിയുടെ പിരിഞ്ഞപ്പോള്‍ കൈകൂപ്പി എല്ലാവര്‍ക്കും നന്ദി പ്രകടിപ്പിച്ചാണ് ജസ്റ്റിസ് ചെലമേശ്വര്‍ ഡയസ് വിട്ടത്.