കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; ഭേദഗതിക്ക് അംഗീകാരം

സ്തീസുരക്ഷ ഉറപ്പാക്കാന്‍ നിയമഭേദഗതികളുമായി കേന്ദ്രസര്‍ക്കാര്‍. പന്ത്രണ്ട് വയസില്‍ താഴെയുള്ള കുഞ്ഞുങ്ങളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പന്ത്രണ്ടിനും പതിനാറിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് മരണംവരെ തടവുശിക്ഷ ഉറപ്പാക്കുന്നതാണ് പുതിയ ഭേദഗതി. 

കഠ്‍വ, ഉന്നാവ് പീഡനക്കേസുകളില്‍ രാജ്യത്തുയര്‍ന്ന കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പന്ത്രണ്ട് വയസുവരെയുള്ള കുട്ടികളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നത്. നിലവിലെ പോക്സോ നിയമപ്രകാരം പരമാവധി ജീവപര്യന്തവും കുറഞ്ഞത് ഏഴുവര്‍ഷവുമാണ് ശിക്ഷ. നിയമഭേദഗതി വരുന്നതോടെ ശിക്ഷ കുറഞ്ഞത് ഇരുപത് വര്‍ഷമോ കൂടിയത് വധശിക്ഷ വരേയോ ആകും. ഇത്തരം കേസുകളില്‍ രണ്ട് മാസത്തിനകം അന്വേഷണവും അടുത്തരണ്ട് മാസത്തിനകം വിചാരണയും പൂര്‍ത്തിയാക്കണം. പന്ത്രണ്ടിനും പതിനാറിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നവര്‍ക്ക് ഇരുപത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ഉറപ്പാക്കും. ഇതേപ്രായത്തിലുള്ള പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്യുന്നവരുടെ ശിക്ഷ ജീവപര്യന്തം തടവായിരിക്കും. ജീവപര്യന്തമെന്നത് മരണംവരെ തടവുശിക്ഷ എന്നാണ് പുതിയവ്യവസ്ഥ. ഇതേ കുറ്റത്തിന് മുന്‍കൂര്‍ ജാമ്യം ഇല്ലാതാക്കും. പതിനാറ് വയസിന് മുകളിലുള്ള സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നവര്‍ക്ക് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ കുറഞ്ഞത് ഏഴ് വര്‍ഷമെന്നത് പത്തുവര്‍ഷമാകും. കൂടിയശിക്ഷ ജീവപര്യന്തമാണ്. മാനഭംഗക്കേസുകള്‍ക്ക് മാത്രമായി രാജ്യത്ത് കൂടുതല്‍ അതിവേഗ കോടതികള്‍, പബ്ള്കിക് പ്രോസിക്യൂട്ടര്‍മാരുടെ അംഗസംഖ്യവര്‍ധിപ്പിക്കുക, എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും മാനഭംഗക്കേസുകള്‍ക്ക് മാത്രമായി ഫൊറന്‍സിക് ലാബുകള്‍ എന്നിവയ്ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാനസര്‍ക്കാരുകളുമായും ഹൈക്കോടതികളുമായി ചര്‍ച്ച ചെയ്തശേഷമായിരിക്കും തീരുമാനം നടപ്പാക്കുന്നത്. പോക്സോ, ഇന്ത്യന്‍ ശിക്ഷാനിയമം, സി.ആര്‍.പി.സി, എവിഡന്‍സ് ആക്ട് എന്നിവയില്‍ നിയമഭേദഗതി നിര്‍ദേശിക്കുന്ന ഓര്‍ഡിനന്‍സ് പാര്‍ലമെന്‍റിന്‍റെ മണ്‍സൂണ്‍ സെഷനില്‍ പാസാക്കാനാണ് നീക്കം. 

പഴയനിയമം...കുറഞ്ഞത് ഏഴ് വര്‍ഷം