ദലിതര്‍ക്കൊപ്പം ബിജെപിയുടെ ‘ഫൈവ്സ്റ്റാര്‍’ ഉച്ചഭക്ഷണം; രോഷത്തിന് തട

രാജ്യമാകെ ദലിതര്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ രോഷമുയര്‍ത്തുമ്പോള്‍ അനുനയനീക്കം. ബിജെപിയുടെ ദലിത സൗഹൃദ പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പട്നയിൽ ദലിത് വിഭാഗക്കാർക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ബിഹാറിന്റെ തലസ്ഥാനമായ പട്നയിലെ ഫൈവ്സ്റ്റാർ ഹോട്ടലിൽ വച്ച് ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു പരിപാടി. നഗരത്തിൽ ദലിത് വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന ചീമ കോത്തി മേഖലയിൽ തടിപ്പാലത്തിനുള്ള ശിലാസ്ഥാപനവും കേന്ദ്ര ഐടി, നിയമ മന്ത്രികൂടിയായ രവിശങ്കർ പ്രസാദ് നിർവഹിച്ചു.

ബിഹാർ മന്ത്രിയും ബിജെപി നേതാവുമായ നന്ദ്കിഷോർ യാദവും രണ്ട് എംഎൽഎമാരും കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദലിത് കേന്ദ്രത്തിലെത്തിയ രവിശങ്കർ പ്രസാദ് ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രത്തിൽ ഹാരാർപ്പണം നടത്തി. കേന്ദ്രസർക്കാർ ദലിതർക്കായി ഏർപ്പെടുത്തിയ പദ്ധതികളെക്കുറിച്ചും മറ്റും അവരെ ബോധവൽക്കരിക്കണമെന്നും പ്രശ്നങ്ങൾ നേരിട്ടറിയാൻ ദലിത് ഭൂരിപക്ഷ മേഖലകൾ സന്ദർശിക്കണമെന്നും ബിജെപി കേന്ദ്രനേതൃത്വം പാർട്ടി എംഎൽഎമാർക്കു നിർദേശം നൽകിയിരുന്നു. ദലിത് വിഭാഗക്കാർക്കൊപ്പം ഭക്ഷണം കഴിക്കണമെന്നും നിർദേശിച്ചിരുന്നു.

എന്നാൽ, ഔദ്യോഗിക പരിപാടിയുണ്ടായിരുന്നതിനാൽ ബിജെപി യുവ സംഘടന നടത്തിയ സമുദായ ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുക്കാതെയാണു രവിശങ്കർ പ്രസാദ് ഹോട്ടലിലേക്കു പോയത്. യാദവും മറ്റു ബിജെപി എംഎൽഎമാരും ഈ ഉച്ചഭക്ഷണ പരിപാടിയിൽ പങ്കെടുത്തു. നേരത്തേ നിശ്ചയിച്ച ദലിത് സംരംഭകരുമായുള്ള ഉച്ചഭക്ഷണ പരിപാടിക്കായാണു രവിശങ്കർ പ്രസാദ് പോയത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. നേരത്തേ നിശ്ചയിച്ച പരിപാടിയാണെന്നും തെറ്റിദ്ധാരണയുണ്ടാക്കരുതെന്നും യാവദ് പിന്നീടു വ്യക്തമാക്കി.