ഷായുടെ തന്ത്രങ്ങൾ ഏറ്റു: ഇനി കണ്ണുകൾ എസ്.പി-ബി.എസ്.പി കൂട്ടുകെട്ടിലേക്ക്..

രാജ്യസഭ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതോടെ സമാജ് വാദി പാർട്ടിയുമായുള്ള സഖ്യം ബി.എസ്.പി തുടരുമോയെന്ന ചോദ്യം ശക്തമാവുകയാണ്. രാജ്യസഭയിൽ അംഗബലം കൂടിയെങ്കിലും കേവല ഭൂരിപക്ഷം ലഭിയ്ക്കാൻ ബിജെപിക്ക് ഇനിയും കാത്തിരിക്കണം. രാജ്യസഭയിൽ ബിജെപി, കോൺഗ്രസ് ഇതര പാർട്ടികളുടെ നിലപാടുകൾക്ക് പ്രസക്തിയേറി.

ഗോരഖ്പുരിലെയും ഫുൽപുരിലെയും ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തകർച്ചയ്ക്ക് പിന്നാലെയാണ് ബിജെപി യുപിയിൽ നാടകീയ വിജയം നേടുന്നത്.ഗുജറാത്തിൽ ഫലിക്കാതെപോയ അമിത് ഷായുടെ തന്ത്രം യു പിയിൽ ലക്ഷ്യം കണ്ടു. യോഗി ആദിത്യ നാഥിന് ആശ്വാസമാകുന്നതാണ് രാജ്യസഭാ തിരഞ്ഞെടുപ്പ് നേട്ടം. ബി എസ് പി - എസ് പി സഖ്യത്തിന് പ്രഹരമേൽപ്പിക്കാൻ കഴിഞ്ഞത് ബി.ജെ.പി ദേശീയ തലത്തിൽ ഗുണം ചെയ്യും. പ്രതിപക്ഷ ക്യാംപിൽ നിന്ന് കൂടുതൽ നേതാക്കളെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കം യു പിയിൽ ബിജെപി സജീവമാക്കിയിട്ടുണ്ട്. 

ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ എസ് പി യെ സഹായിച്ച മായാവതി പകരം ആഗ്രഹിച്ചിരുന്നത് രാജ്യസഭയിലേക്കുള്ള വിജയമായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പിലും സഖ്യം തുടരാനുള്ള അഖിലേഷിന്റെ ക്ഷണത്തിന് രാജ്യസഭ തിരഞ്ഞെടുപ്പിന് ശേഷം മറുപടി നൽകാമെന്നായിരുന്നു മായാവതിയുടെ നിലപാട്. രാജ്യസഭയിൽ ബിജെപിയുടെ കരുത്ത് കൂടി കോൺഗ്രസിന്റെ കരുത്ത് ചോർന്നു. ടി ഡി പി എൻ.ഡി.എ വിട്ടതും തിരഞ്ഞെടുപ്പ് ഫലവും കൂടി കണക്കിലെടുത്താൽ കോൺഗ്രസ്, ബിജെപി ഇതര പാർട്ടികൾ രാജ്യസഭയിൽ നിർണായകമായി.