തലയൂരാന്‍ മാപ്പുപറഞ്ഞ് കേജ്‌‌രിവാള്‍; ‘പട്ടിക’ ചോദിച്ച് പരിഹസിച്ച് നേതാക്കള്‍

മാനനഷ്ടക്കേസുകള്‍ അവസാനിപ്പിക്കാന്‍ മാപ്പ്പറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. അഴിമതിക്കാരനാണെന്ന് ആരോപിച്ചതിനെത്തുടര്‍ന്ന്, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേജ്‍രിവാള്‍ മാപ്പ് പറഞ്ഞു. 

കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും കോടതിക്ക് കത്ത് നല്‍കി. അതിനിടെ, കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലിനോടും കേജ്‍രിവാള്‍ മാപ്പ് പറഞ്ഞു. കപില്‍ സിബല്‍ കേന്ദ്രമന്ത്രിയായിരിക്കെ മകന്‍ അമിത് സിബല്‍ ഒരു ടെലികോം കമ്പനിക്കായി ഹാജരായതില്‍ അഴിമതിയുണ്ടെന്നായിരുന്നു ആരോപണം. തുടര്‍ന്ന് കപില്‍ സിബല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. മുപ്പതിലധികം മാനനഷ്ടക്കേസുകളാണ് അരവിന്ദ് കേജ്‍രിവാളിനെതിരെ നിലവിലുള്ളത്. 

അതിനിടെ, കേജ്‌രിവാളിന്റെ മാപ്പുപറയൽ പരമ്പര ഇനിയും തുടരുമെന്നാണ് അറിയുന്നത്. ധനമന്ത്രി അരുൺ ജയ്റ്റ്ലിയോടും കോൺഗ്രസ് നേതാവ് ഷീല ദീക്ഷിത്തിനോടും ബിജെപി എംപി രമേശ് ബിധുരിയോടും കേജ്‌രിവാൾ മാപ്പു ചോദിച്ചേക്കുമെന്ന് എഎപിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

ക്ഷമ ചോദിച്ച് രക്ഷപ്പെട്ട കേജ്‌രിവാളിനെ പരിഹസിച്ച് വിവിധ നേതാക്കൾ രംഗത്തെത്തി. 'ആരോടൊക്കെയാണോ മാപ്പു പറയേണ്ടത് ആ പട്ടിക തയാറാക്കിവയ്ക്കുക. എന്നിട്ട് എല്ലാവർക്കും ഒരേ കത്ത് അയയ്ക്കുക' – മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ട്വീറ്റ് ചെയ്തു. കേജ്‌രിവാൾ ഇനി അടുത്ത ആരോപണം ഉന്നയിക്കുമ്പോൾ ജനങ്ങൾ എന്തു വിശ്വാസത്തിലെടുക്കുമെന്നു ജമ്മു കശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ചോദിച്ചു.