ബെംഗളൂരുവിൽ ഒരു തനി നാടൻ ചായക്കട

നക്ഷത്ര ഹോട്ടലുകളും വമ്പന്‍ റസ്റ്ററെന്റുകളും ഏറെയുള്ള ഇന്ത്യയുടെ ഐ.ടി തലസ്ഥാനത്ത്, കേരളത്തിന്റെ തനിമയും സംസ്കാരവും കോര്‍ത്തിണക്കി ഒരു നാടന്‍ ചായക്കട. ചൂടുള്ള നാടന്‍ചായയ്ക്കും പലഹാരങ്ങള്‍ക്കുമൊപ്പം പഴമയുടെ പ്രതീകമായി  ഒത്തുചേരലുകളും, ചായക്കട ചര്‍ച്ചകളും പതിവാണിവിടെ.

തിരക്കേറിയ നഗരത്തിലെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ചൂടുള്ള ഒരു ചായ കുടിക്കാം ഒപ്പം നാട്ടുവര്‍ത്തമാനവും, നാടന്‍ വിഭങ്ങളും.

ബെംഗളൂരുവിലെ ഇന്ദിരാ നഗറിലാണ് ചായയും കടിയും എന്നപേരില്‍ത്തന്നെ ഒന്നാന്തരം ചായക്കടയുടെ പ്രവര്‍ത്തനം. ഉന്തു വണ്ടിയും അതിലൊരുക്കിയിരിക്കുന്ന സമോവറും നാടന്‍ ചായയ്ക്ക് രുചികൂട്ടും. പലതരം പലഹാരങ്ങളോടൊപ്പം കപ്പയും കാന്താരിമുളകും ഇവിടെയെത്തുന്ന മലയാളികള്‍ക്ക് ഇഷ്ടവിഭവങ്ങളാണ്. കോഴിക്കോട്ടുകാരന്‍ സഞ്ജയ് അലക്സാണ് നാടന്‍‍ ചായക്കട എന്ന ആശയത്തിനു പിന്നില്‍.

കേരളത്തിന്റെ സാഹിത്യ സാംസ്കാരിക മേഖലകളെ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് കടയുടെ ഒരു ഭിത്തിയില്‍ . വൈക്കം മുഹമ്മദ് ബഷീറും, എം.ടി വാസുദേവന്‍ നായരും. പാത്തുമ്മയുടെ ആടും, മിഠായിത്തെരുവും ചിത്രങ്ങളില്‍ നിറഞ്ഞു നില്‍്ക്കുന്നു. ഒപ്പം കര്‍ണാടകയുടെ സാംസ്കാരിക പ്രതിഫലനങ്ങളായുള്ള ചിത്രങ്ങള്‍ എതിര്‍വശത്തും. നാട്ടിലെ അനുഭവം നഗരത്തില്‍ ലഭിച്ചതിന്റെ സന്തോഷമാണ് ഇവിടെയെത്തുന്ന മലയാളികള്‍ക്ക്  

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇൗ ചായക്കടയില്‍ തിരക്കൊഴിഞ്ഞ് നേരമില്ല. ഒരു ചായ്ക്കൊപ്പം കൂട്ടംകൂടിയിരുന്ന് നാട്ടുവര്‍ത്തമാനം പറയാനെത്തുന്നവര്‍ക്ക് പഴയകാലം തിരികെകിട്ടിയ പ്രതീതിയാണ്.