ജഡ്ജി ലോയ മരിക്കാനിടയായ സാഹചര്യം പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനം

സൊഹ്റാബുദീന്‍ വ്യാജഏറ്റുമുട്ടല്‍കേസില്‍ വാദം കേട്ട ജഡ്ജി ലോയ മരിക്കാനിടയായ സാഹചര്യം പരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനം. മരണവുമായി ബന്ധപ്പെട്ട് ബോംബെ ഹൈക്കോടതിയുടെ പരിഗണനയിലുളള രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റി. ലോയയുടെ മരണം അതീവഗൗരവമുളള വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. 

സുപ്രീംകോടതി പ്രതിസന്ധിക്ക് വരെ കാരണമായ ലോയക്കേസിനെ അതീവഗൗരവത്തോടെയാണ് മൂന്നംഗബെഞ്ച് പരിഗണിച്ചത്. ലോയ മരിക്കാനിടയായ സാഹചര്യത്തെ കുറിച്ച് വിശദമായി പരിശോധിക്കാമെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. മരണത്തിലെ ദുരൂഹത സംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ചന്ദ്രചൂ‍‍ഡ് വ്യക്തമാക്കി. അമിത് ഷായ്ക്ക് വേണ്ടി ഒട്ടേറെ കേസുകളില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതിനെ ഹര്‍ജിക്കാര്‍ എതിര്‍ത്തു. ഇതേചൊല്ലി അഭിഭാഷകരായ ഹരീഷ് സാല്‍വെയും, ദുഷ്യന്ത് ദവെയും തമ്മില്‍ ഏറെനേരം തര്‍ക്കമുണ്ടായി. അമിത് ഷായുടെ പേര് അനാവശ്യമായി കോടതിമുറിക്കുളളില്‍ വലിച്ചിഴക്കരുതെന്ന് ഹരീഷ് സാല്‍വെ പറഞ്ഞു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഇടപെട്ടാണ് തര്‍ക്കം ഒഴിവാക്കിയത്. ബോംബെ ഹൈക്കോടതിയില്‍ ബോംബെ ലോയേഴ്സ് അസോസിയഷന്‍ അടക്കം സമര്‍പ്പിച്ച രണ്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റാനും തീരുമാനിച്ചു. എല്ലാ കക്ഷികളും അവരുടെ പക്കലുളള മുഴുന്‍ രേഖകളും ഹാജരാക്കണമെന്ന് ഉത്തരവിട്ട കോടതി, കേസ് ഫെബ്രുവരി രണ്ടിന് വീണ്ടും പരിഗണിക്കാനും തീരുമാനിച്ചു. മുംബൈ സിബി.ഐ കോടതി ജഡ്ജിയായിരുന്ന ബി.എച്ച്.ലോയ, സൊഹ്റാബുദ്ദിന്‍ ഷെയ്ഖ് വ്യാജഏറ്റുമുട്ടല്‍ക്കേസില്‍ വാദം കേള്‍ക്കവെ നാഗ്പൂരില്‍ ദുരൂഹസാഹചര്യത്തില്‍ മരിക്കുകയായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കം ഉന്നതരാണ് വ്യാജഏറ്റുമുട്ടല്‍ക്കേസിലെ പ്രതികള്‍.