അന്യാവശ്യമായി ശല്യം ചെയ്യരുത്, ലോയയുടെ മരണത്തിൽ സംശയമില്ല: കുടുംബം

ജസ്റ്റിസ് ലോയയുടെ മരണത്തിൽ കുടുംബത്തിന് യാതൊരു സംശയവുമില്ലെന്ന് ആവർത്തിച്ച് മകൻ അനുജ് ലോയ. മരണത്തെ ചിലർ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്നും അനുജ് ആരോപിച്ചു. മുംബൈയിൽ അഭിഭാഷകർക്കൊപ്പം വാർത്താസമ്മേളനം നടത്തിയാണ് ലോയയുടെ മകൻ ഇക്കാര്യം വ്യക്തമാക്കിയത്. 

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന, പ്രൈധ്യേക പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ലോയയുടെ മരണം ഏറെ വിവാദങ്ങളുയര്‍ത്തുകയാണ്. ഇതിനിടെയാണ് ലോയയുടെ മകന്‍ അനൂജ് ലോയ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. എല്ലാവരും ഞങ്ങളുടെ കുടുംബാംഗങ്ങളെ ശല്യപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും, അത്തരക്കാർ കുടുംബത്തില്‍ ഭീതിപടര്‍ത്തുകയാണെന്നും അനൂജ് ലോയ പറഞ്ഞു. ലോയയുടെ മരണത്തില്‍ കുടുംബാംഗങ്ങള്‍ക്ക്‌ സംശയമൊന്നും ഇല്ല. 

അന്യാവശ്യമായി ശല്യം ചെയ്യരുതെന്നു സംഘടനകളോടും അഭിഭാഷകരോടും സന്നദ്ധപ്രവര്‍ത്തകരോടും അറിയിക്കാനാണ് വാർത്താസമ്മേളനം നടത്തേണ്ടിവന്നതെന്നും അനുജ് പറഞ്ഞു. നേരത്തെ ബോംബെ ഹൈക്കോടതി ജഡ്ജിക്ക് അയച്ച കത്തിലും അനുജ് ഇക്കാര്യം പറഞ്ഞിരുന്നു. 

കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിനെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.