ആര്‍.കെ.നഗറില്‍ നിന്നും വന്‍ തോതില്‍ പണം പിടികൂടി

ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെന്നൈ ആര്‍.കെ.നഗറില്‍ നിന്നും വന്‍ തോതില്‍ പണം പിടികൂടി. ദിനകരന്‍ അനുകൂലിയില്‍ നിന്ന് ഇരുപതുലക്ഷം രൂപ പിടിച്ചെടുത്തു. മണ്ഡലത്തില്‍ അണ്ണാ ഡി.എം.കെയും ദിനകരനും നൂറുകോടിയിലധികം രൂപ ചെലവഴിച്ചെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ.സ്റ്റാലിന്‍ ആരോപിച്ചു. വോട്ടര്‍മാര്‍ക്ക് വ്യാപകമായി പണം വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് ഡിഎംകെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. 

ആര്‍.കെ.നഗറില്‍ നിന്നും ലക്ഷങ്ങളാണ് ഇന്നലെയും ഇന്നുമായി പിടിച്ചെടുത്തത്. ദിനകരന്‍ അനുകൂലിയില്‍ നിന്ന് ഇരുപത് ലക്ഷവും അണ്ണാ ഡി.എം.കെ. പ്രവര്‍ത്തകനില്‍ നിന്ന് പതിമൂന്ന് ലക്ഷവും പിടിച്ചെടുത്തു. ഏഴില്‍നഗര്‍, നേതാജി നഗര്‍, കരുണാനിധി നഗര്‍ എന്നവടങ്ങളില്‍ നിന്നെല്ലാം വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്ന സംശയത്തെ തുടര്‍ന്ന് പത്തോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അണ്ണാ ഡി.എം.കെയും ദിനകരനും വ്യാപകമായി പണം വിതരണം ചെയ്യുന്നെന്ന് ആരോപിച്ച് ഡി.എം.കെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മണ്ഡലത്തിലെ പണമൊഴുക്കിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് എം.കെ.സ്റ്റാലിന്‍ പരാതി നല്‍കി. 

വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നെന്ന പരാതികളെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടി നേതാക്കളുടെ അടിയന്തിര യോഗം വിളിച്ചുചേര്‍ത്തു. പണം പിടിച്ചെടുത്തതിനാലും മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.