രാഹുൽഗാന്ധിക്ക് ആവേശോജ്വല സ്വീകരണം

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം ഡല്‍ഹിയില്‍ തിരികെയെത്തിയ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആവേശോജ്വല സ്വീകരണം. അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി ഡല്‍ഹിയിലെ വസതിയിലെത്തിയ രാഹുല്‍ ഗാന്ധിയെ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്വീകരിച്ചു. ഡല്‍ഹി തുഗ്ളക് ലൈന്‍ പന്ത്രണ്ടാം നന്പര്‍ വസതിക്കു മുന്നില്‍ കോണ്‍ഗ്രസിന്‍റെ നിയുക്ത അധ്യക്ഷനെ വരവേല്‍ക്കാന്‍ വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകരാണെത്തിയത്. പടക്കം പൊട്ടിച്ചും മധുരവിതരണം നടത്തിയും നൃത്തം ചെയ്തും പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയെ വരവേറ്റു. 

സ്ഥാനമൊഴിയുന്ന അധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന നേതാക്കളായ മോത്തിലാല്‍ വോറ, ഗുലാം നബി ആസാദ്, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ രാഹുലിനെ സ്വീകരിച്ചു. വീടിനു പുറത്ത് തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയിലേക്ക് സുരക്ഷാക്രമീകരണം മറികടന്ന് രാഹുലെത്തിയതോടെ ആവേശം അണപൊട്ടി. തിങ്കളാഴ്ചയാണ് രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഗുജറാത്തിലായിരുന്ന രാഹുല്‍ ഗാന്ധി ആഘോഷങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. ശനിയാഴ്ച എ.ഐ.സി.സിയില്‍ ചേരുന്ന പ്രത്യേക സമ്മേളനത്തില്‍ രാഹുല്‍ ചുമതലയേല്‍ക്കും