വന്‍കിട കെട്ടിടനിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധം: ഹരിത ട്രൈബ്യുണല്‍

രാജ്യത്തെ വന്‍കിട കെട്ടിടനിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി നിര്‍ബന്ധമെന്ന് ദേശീയ ഹരിത ട്രൈബ്യുണല്‍. പരിസ്ഥിതി അനുമതിക്ക് ഇളവ് നല്‍കിയ 2016ലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ട്രൈബ്യൂണല്‍ റദ്ദാക്കി. നിലവില്‍ നിര്‍മാണം നടക്കുന്ന കെട്ടിടങ്ങള്‍ക്കും വിധി ബാധകമാകും. 

‌ 

കേന്ദ്രസര്‍ക്കാര്‍ നടപടി പരിസ്ഥിതിക്ക് വന്‍ദോഷമുണ്ടാക്കുമെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ വിധി. നിര്‍മാണമേഖലയിലെ മാന്ദ്യം മറികടക്കാനെന്ന പേരിലാണ് വന്‍കെട്ടിടനിര്‍മാണങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വേണ്ടെന്ന് കേന്ദ്രം തീരുമാനമെടുത്തത്. എന്നാല്‍ വിജ്ഞാപനത്തിന്‍റെ മറവില്‍ പരിസ്ഥിതി നശിപ്പിച്ച് വന്‍നിര്‍മാണങ്ങള്‍ ഉയരുന്നത് അനുവദിക്കാനാകില്ലെന്ന് ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇരുപതിനായിരം ചതുരശ്ര അടി മുതല്‍ മുകളിലോട്ടുളള കെട്ടിടങ്ങളുടെ നിര്‍മാണത്തിനാണ് 2016 ഡിസംബര്‍ ഒന്‍പതിന് അസാധാരണ വിജ്ഞാപനത്തിലൂടെ സര്‍ക്കാര്‍ ഇളവ് നല്‍കിയത്. സംസ്ഥാന പരിസ്ഥിതി അവലോകന സമിതിയുടെ പോലും അനുമതി വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഫെഡറല്‍ വ്യവസ്ഥയെ നോക്കുകുത്തിയാക്കിയ വിജ്ഞാപനം റദ്ദാക്കുകയല്ലാതെ മാര്‍ഗമില്ലെന്ന് കോടതി നിരീക്ഷിച്ചു. ട്രൈബ്യൂണല്‍ ഉത്തരവ് നിര്‍മാണമേഖലയ്ക്ക് വന്‍തിരിച്ചടിയാകും. നിര്‍മാണം തുടരുന്ന കെട്ടിടങ്ങള്‍ക്ക് പരിസ്ഥിതി അനുമതി വാങ്ങിയ ശേഷം മാത്രമെ ഇനി മുന്നോട്ടുപോകാന്‍ കഴിയുകയുളളു. പരിസ്ഥിതി സംഘടനകളും ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകരുമാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.