മോദിക്കെതിരായ പരാമർശത്തിൽ മണിശങ്കര്‍ അയ്യര്‍ക്ക് സസ്പെന്‍ഷന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  ജാതീയമായി അധിക്ഷേപിച്ചതിനെ തുടന്ന് കോൺഗ്രസിലെ മുതിർന്ന  നേതാവ് മണിശങ്കർ അയ്യരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തു. രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതനുസരിച്ച് മണിശങ്കർ അയ്യർ മോദിയോട് മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് നടപടി. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരാമർശം വലിയ രാഷ്ട്രീയ വിവാദമായതോടെയാണ് കോൺഗ്രസ് കടുത്ത നടപടിയെടുത്തത്. 

ഡല്‍ഹിയില്‍ അംബേദ്ക്കര്‍ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഉദ്ഘാടനത്തിനിടെ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് നരേന്ദ്ര മോദി നടത്തിയ പരമാര്‍ശങ്ങളെ വിമർശിക്കുന്നതിനിടെയാണ് മോദി ഒരു താഴ്ന്ന ജാതിക്കാരനാണെന്ന  തരത്തില്‍ മണിശങ്കര്‍ അയ്യര്‍ പരാമര്‍ശം നടത്തിയത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന്റെ കലാശകൊട്ടിനിടെ സൂറത്തിലെ റാലിയിൽ മോദി ഇതിനു മറുപടി നൽകി.  ഗുജറാത്തിലെ തിരഞ്ഞെടുപ്പ് റാലികളിൽ കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവർ പരാമർശത്തിനെതിരെ രംഗത്ത് വന്നതോടെ വിവാദം അവസാനിപ്പിക്കാൻ രാഹുൽ ഗാന്ധി ഇടപെട്ടു. മണി ശങ്കർ അയ്യരുടെ വാക്കുകൾ കോൺഗ്രസിന്റെ സംസ്കാരമല്ലെന്നും മാപ്പു പറയുമെന്ന് കരുതുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു. തുടർന്ന്, ഹിന്ദി ഭാഷയിലെ പ്രാവിണ്യ കുറവ് കാരണമാണ് വാക്കുകൾ തെറ്റായി പറഞ്ഞതെന്നും അതിനാൽ മാപ്പു പറയുന്നതായും മണിശങ്കർ അയ്യർ പറഞ്ഞിരുന്നു. 

ഗാന്ധിയൻ ആശയങ്ങളിൽ വിശ്വസിക്കുന്ന കോൺഗ്രസ്, എതിർ പക്ഷത്തുള്ളവരെ അധിക്ഷേപിക്കാറില്ലെന്നും അക്കാരണത്താൽ കാരണം കാണിക്കൽ നോട്ടീസ് നൽകി മണിശങ്കർ അയ്യരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുന്നതായുമാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം.    2014 ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന് മുന്‍പ് മണി ശങ്കർ അയ്യർ, മോദിയെ ചായക്കച്ചവടക്കാരനെന്നു വിളിച്ചത് ബിജെപി  കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കിയിരുന്നു. പുതിയ വിവാദം, ഗുജറാത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപി ആയുധമാക്കാനൊരുങ്ങിയതോടെയാണ് മുതിർന്ന നേതാവെന്ന പരിഗണന പോലും നൽകാതെ മണിശങ്കർ അയ്യറെ രാഹുൽ ഗാന്ധി ഇടപെട്ട് സസ്‌പെൻഡ് ചെയ്തത്.