ഓഖി ചുഴലിക്കാറ്റ്; മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

ഓഖി ചുഴലിക്കാറ്റ് ജാഗ്രതയിൽ ദക്ഷിണഗുജറാത്തും മഹാരാഷ്ട്രയുടെ തീരദേശവും. രണ്ടുദിവസത്തിനിടെ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ജാഗ്രതാ നിർദേശത്തെ തുടർന്ന് ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലായി മലയാളികളടക്കം ആയിരക്കണക്കിന് മൽസ്യതൊഴിലാളികളാണ് അഭയംതേടിയിരിക്കുന്നത്. 

ഇന്നുംനാളെയുമായി മഹാരാഷ്ട്രയുടേയും ഗുജറാത്തിൻറെയും തീരങ്ങളിലും വീശിയടിക്കുന്ന കാറ്റിൻറെ വേഗം മണിക്കൂറിൽ എഴുപത് കിലോമീറ്റർ വരെയാകാം. ഇരുസംസ്ഥാനസർക്കാരും ഇത് മുന്നിൽകണ്ട് മുൻകരുതൽ നടപടികൾ ശക്തമാക്കി. മുംബൈ അടക്കം, തീരദേശമേഖലകളിൽ സ്കൂളുകൾക്കും കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. കടലാക്രമണം രൂക്ഷമാകാനിടയുള്ള പ്രദേശങ്ങളിൽ ദുരന്തനിവാരണ സേനയുടെ യൂണിറ്റുകൾ ഉറപ്പാക്കി. കടലിൽ ഇറങ്ങുന്നതിന് വിലക്കേർപ്പെടുത്തി. 

കഴിഞ്ഞ നാല് ദിവസത്തിനിടെ മുന്നറിയിപ്പ് സന്ദേശം ലഭിച്ചതിനെ തുടർന്ന് ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലേക്ക് നൂറുകണക്കിന് ബോട്ടുകളെത്തി. സിന്ധുദുർഗിൽ 58മലയാളികളടക്കം എണ്ണൂറോളം തൊഴിലാളികളും, രത്നഗിരിയിൽ 31 മലയാളികളുമാണുള്ളത്. എന്നാൽ, ഇന്നലെ രാത്രിയോടെ, പുറംകടലിലുണ്ടായിരുന്ന കൂടുതൽ മൽസ്യബന്ധനബോട്ടുകൾ രത്നഗിരി, സിന്ധുദുർഗ്, ഗുജറാത്തിലെ വെരാവൽ തീരങ്ങളിലെത്തി. വെരാവലിൽ തീരമണഞ്ഞതിൽ ഇരുന്നൂറിലധികംപേർ മലയാളികളാണ്. എല്ലാവർക്കും വീടുമായി ബന്ധപ്പെടാനായെന്നും, കാലാവസ്ഥ മെച്ചപ്പെടുമ്പോൾ ഏതാനുംബോട്ടുകൾ തിരികെ കടലിലേക്കും, ബാക്കിയുള്ളവർ നാട്ടിലേക്കും മടങ്ങുമെന്നും മൽസ്യതൊഴിലാളികൾ അറിയിച്ചു.