പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനം വൈകുന്നതിന്‍റെ പേരില്‍ വാക്പോര്

പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനം വൈകുന്നതിന്‍റെ പേരില്‍ ഭരണ,പ്രതിപക്ഷ വാക്പോര് രൂക്ഷം. ബി.ജെ.പിക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലാത്തതിനാലാണ് സമ്മേളനം വൈകിപ്പിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയായ റഫാല്‍ വിമാനകരാറില്‍ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബി.ജെ.പി പ്രതികരിച്ചു 

ഗുജറാത്ത് തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്‍റിന്‍റെ ശീതകാലസമ്മേളനം വൈകുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. 2011 ല്‍ യു.പി.എ സര്‍ക്കാരിന്‍റെ കാലത്തും തിരഞ്ഞെടുപ്പിന്‍റെ പേരില്‍ സമ്മേളനം വൈകിപ്പിച്ചിട്ടുണ്ടെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു. എന്നാല്‍, ഇത് വസ്തുതാ വിരുദ്ധമാണെന്നും കപടവേഷം കെട്ടുന്ന പ്രധാനമന്ത്രിയും ധനമന്ത്രിയും കള്ളപ്രചരണമാണ് നടത്തുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ ആരോപിച്ചു. 

കീഴ്വഴക്കങ്ങളും ചട്ടങ്ങളും മറികടന്നാണ് പ്രധാനമന്ത്രി റഫാല്‍ വിമാനക്കരാര്‍ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ഒപ്പുവച്ച കാരറിനേക്കാള്‍, 

ഒരു വിമാനത്തിന് 263 ശതമാനം കൂടുതല്‍ വിലയാണ് മോദിയുടെ കരാറിലുള്ളത്. അമിത് ഷായുടെ മകന്‍ ജയ് ഷായ്ക്കെതിരെയുള്ള ആരോപണം, റഫാല്‍ ജെറ്റ് വിമാനക്കരാര്‍, ജി.ഡി.പിയിലെ ഇടിവ് ഉള്‍പ്പെടെ ബി.ജെ.പിയുടെ വീഴ്ചകളെക്കുറിച്ച് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യുമെന്ന ഭയമാണ് സമ്മേളനം വൈകിപ്പിക്കാന്‍ കാരണമെന്നും മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗേ എന്നിവര്‍ പറഞ്ഞു