ഭീകര സംഘടനയിൽ ചേർന്ന മകൻ അമ്മയുടെ കണ്ണീരിനു മുന്നിൽ ‘കീഴടങ്ങി’

ഭീകര സംഘടനയായ ലഷ്കറെ തയിബയിൽ ചേർന്ന കശ്മീരി ഫുട്ബോൾ താരം കീഴടങ്ങി. കഴിഞ്ഞയാഴ്ചയാണ് മജീദ് ഖാൻ  (20) ലഷ്കറിൽ ചേർന്നത്. പിന്നാലെ, തോക്കുകളേന്തി മജീദ് നിൽക്കുന്ന ചിത്രവും പുറത്തുവന്നു. വാർത്ത അറിഞ്ഞ മാതാവു കരഞ്ഞുകൊണ്ടു മകനോടു തിരിച്ചുവരാൻ അഭ്യർഥിക്കുകയായിരുന്നു. ഇതിന്റെ വിഡിയോ വൈറലായതിനെത്തുടർന്നു നിരവധിപ്പേർ മജീദിനോടു തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. അമ്മയുടെ കണ്ണീരിൽ പിടിച്ചുനിൽക്കാൻ ഏകമകനായ മജീദിനു കഴിഞ്ഞില്ല. തുടർന്ന് മജീദ് സുരക്ഷാ ഉദ്യോഗസ്ഥർക്കു മുൻപാകെ കീഴടങ്ങുകയായിരുന്നു. 

ഭീകര സംഘടനയിൽനിന്ന് മടങ്ങിവരാനുള്ള മജീദിന്റെ തീരുമാനത്തെ അഭിനന്ദിക്കുന്നതായി മേജർ ജനറൽ ബി.എസ്. രാജു പറഞ്ഞു. ലഷ്കർ ക്യാംപിൽനിന്ന് മടങ്ങിയെത്തിയ മജീദ് കുടുംബവുമായി ബന്ധപ്പെട്ടതായി കശ്മീർ റേഞ്ച് ഐജി മുനീർ ഖാൻ അറിയിച്ചു. 

‘ഞാനവനുവേണ്ടി കാത്തിരിക്കുകയാണ്, അവൻ തിരിച്ചെത്തണം. വീണ്ടും ഫുട്ബോൾ കളിക്കണം’ – മജീദിന്റെ അമ്മ ആയിഷ ബീഗം (50) കരഞ്ഞു നിലവിളിച്ചുകൊണ്ട് വിഡിയോയിൽ പറയുന്നു. കഴിഞ്ഞയാഴ്ച മുതലാണു മജീദിനെ കാണാതായത്. സ്കൂൾതലം മുതൽ മജീദ് ഫുട്ബോൾ കളിക്കാരനാണ്. വീട്ടിലെ ഒരു ഷെൽഫ് നിറയെ മജീദിനു ലഭിച്ച പുരസ്കാരങ്ങളാണ്. തെക്കന്‍ കശ്മീരിലെ അനന്ദ്നാഗിലെ പ്രാദേശിക ഫുട്ബോൾ ടീമിലെ ഗോളി കൂടിയാണ് മജീദ്.