ഗാസയിൽ വെടിനിർത്തൽ ; ഇടപെടല്‍ ഉറപ്പാക്കണമെന്ന് യുഎഇ

ഗാസയിൽ സുസ്ഥിര വെടിനിർത്തൽ കരാർ അടിയന്തിരമായി നടപ്പാക്കണമെന്ന് ആവർത്തിച്ച് യുഎഇ. ദോഹയിൽ ഖത്തർ പ്രധാനമന്ത്രി  ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽത്താനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനാണ് ഇക്കാര്യം ആവശ്യപ്പെട്ട്. ഗാസ മുനമ്പിൽ മാനുഷിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ വെടിനിർത്തൽ കലാറിലെത്താനുള്ള  ശ്രമങ്ങളും ഇരുകൂട്ടരും അവലോകനം ചെയ്തു. സമുദ്ര ഇടനാഴി സംരംഭത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, അതുവഴി മതിയായ മാനുഷിക സഹായം എത്തിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കേണ്ടതിൻ്റെ ആവശ്യകതയും ചർച്ചയായി. ലുസൈൽ കൊട്ടാരത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയേയും സന്ദർശിച്ചശേഷമാണ് ഷെയ്ഖ് അബ്ദുല്ല മടങ്ങിയത്.  യുഎഇ ഖത്തർ ഉഭയകക്ഷി ബന്ധവും ചർച്ചയായി.  ഇരു രാജ്യങ്ങളുടെയും വികസനത്തിനും പുരോഗതിക്കും പിന്തുണ നൽകുന്നതിന് എല്ലാ മേഖലകളിലും സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.