കനത്ത മഴ, ഇടിമിന്നല്‍; യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്; വിമാനങ്ങള്‍ റദ്ദാക്കി

യുഎഇയില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴയും ഇടിമിന്നലും. ദുബായില്‍ രാവിലെ മഴ കുറഞ്ഞെങ്കിലും മറ്റുപലയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. പുലര്‍ച്ചെ പ്രാദേശിക സമയം രണ്ടരയോടെയാണ് ദുബായിലും അബുദാബിയിലും ശക്തമായ മഴയും കാറ്റും ഇടിമിന്നലും തുടങ്ങിയത്. മോശം കാലാവസ്ഥ കാരണം എമിറേറ്റ്സിന്റേതുള്‍പ്പെടെ പല വിമാനസര്‍വീസുകളും വൈകുകയോ തടസപ്പെടുകയോ ചെയ്തു. ഏതാനും ദിവസങ്ങളായി മോശം കാലാവസ്ഥ നേരിടാന്‍ യുഎഇ സര്‍ക്കാരും ഏജന്‍സികളും വിപുലമായ തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ഈമാസം ആദ്യം വെള്ളപ്പൊക്കത്തിനിടയാക്കിയ തോതില്‍ മഴ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ.

ജബല്‍ അലി, അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം, ദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്, ജുമൈറ വില്ലേജ് ട്രയാംഗിള്‍ തുടങ്ങിയ മേഖലകളില്‍ പുലര്‍ച്ചെ മൂന്നുമണിയോടെ കനത്ത കാറ്റും മഴയും ഇടിമിന്നലും ഉണ്ടായി. നാലരയോടെ മഴയുടെ കാഠിന്യം കുറഞ്ഞു. മഴമേഘങ്ങള്‍ വ്യാപിക്കുന്നതിനാല്‍ കൂടുതല്‍ മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ഇന്നും നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാണ് നിര്‍ദേശം. അവശ്യസേവനങ്ങള്‍ നല്‍കുന്ന വകുപ്പുകള്‍ ഒഴികെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. വെള്ളം കുത്തിയൊഴുകിയെത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ റോഡുകള്‍ അടച്ചു. വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലും ഡാമുകളുടെ സമീപത്തും പ്രവേശനം അനുവദിക്കില്ല.

മുന്‍കരുതലെന്ന നിലയില്‍ ദുബായ് മുനിസിപ്പാലിറ്റി ബീച്ചുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുറസായ മാര്‍ക്കറ്റുകള്‍, എന്നിവിടങ്ങളില്‍ പ്രവേശനം വിലക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍...

ദുബായ് പൊലീസ് (എമര്‍ജന്‍സി) - 999
ദുബായ് പൊലീസ് (നോണ്‍ എമര്‍ജന്‍സി) - 901
സിവില്‍ ഡിഫന്‍സ് – 997
ദുബായ് ആംബുലന്‍സ് – 998
ദുബായ് ഇലക്ട്രിസിറ്റി & വാട്ടര്‍ അതോറിറ്റി – 991
ദുബായ് ഹെല്‍ത്ത് – 80060
ദുബായ് മുനിസിപ്പാലിറ്റി – 800900
റോഡ്സ് & ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി - 8009090