നാട് ചൂടിൽ വലയുമ്പോൾ ഗൾഫിൽ മഴ; രാത്രി മുതൽ യുഎഇയിലും മഴ ലഭിക്കും

നാട് കനത്ത ചൂടിൽ വലയുമ്പോൾ ഗൾഫിൽ മഴ. സൗദിയിൽ മക്കയുൾപ്പെടെ പലയിടങ്ങളിലും കനത്ത മഴ ലഭിച്ചു. ഖത്തറിലും ബഹ്റൈനിലും മഴ പെയ്യുന്നുണ്ട്. യുഎഇയിൽ രാത്രി മുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മറ്റന്നാൾ രാവിലെ വരെ പരക്കെ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഇതേതുട‍ർന്ന് ദുബായിലും ഷാർജയിലും സ്കൂളുകളിൽ നാളെയും മറ്റന്നാളും ഓൺലൈൻ പഠനം പ്രഖ്യാപിച്ചു

അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടർന്ന് ഗൾഫിൽ പരക്കെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാത്രിമുതൽ യുഎഇയിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് നിന്ന് ആരംഭിക്കുന്ന മഴ നാളെ രാജ്യം മുഴുവൻ വ്യാപിക്കും. കാറ്റിന്റെ വേഗം മണിക്കൂറിൽ 25 മുതൽ 65 കിലോമീറ്റർ വരെ ആകാൻ സാധ്യതയുണ്ടെന്നും കടൽ പ്രക്ഷുബദ്ധമാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിമിന്നലും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്.  പൊടിക്കറ്റിൽ ദൂരപരിധി കുറയുമെന്നും വാഹനയാത്രക്കാർ ശ്രദ്ധിക്കണമെന്നും പൊലിസ് മുന്നറിയിപ്പ് നൽകി. 

മുൻകരുതൽ നടപടിയെന്നോണം ദുബായിലും ഷാ‍ർജയിലും സ്കൂളുകൾക്ക് നാളെയും മറ്റന്നാളും ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തി. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സ്വീകരിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ദുബായ് മെട്രോ ഇന്നും നാളെയും പ്രവ‍ർത്തനസമയം അഞ്ച് മണിക്കൂർ നീട്ടി പുല‍ർച്ചെ അഞ്ചുവരെയാക്കി. വിമാനയാത്രക്കാരുടെ സൗകര്യം കണക്കിലെടുത്താണ് ഇത്. ഷാർജയിൽ പാർക്കുകൾ അടച്ചിടും. എമിരേറ്റിൽ നാളെയും മറ്റന്നാളും നടക്കേണ്ട എല്ലാ കായിക പരിപാടികളും പിൻവലിച്ചതായി ഷാർജ സ്പോർട്സ് കൗൺസിലും അറിയിച്ചിട്ടുണ്ട്. 

രണ്ടാഴ്ച മുൻപ് പെയ്തതിന് സമാനമായ അതിശക്തമായ മഴ ഇക്കുറി ഉണ്ടാകില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.  അതേസമയം സൗദിയിലെ മക്കയിലും മദീനയിലും ശക്തമായ മഴ ലഭിച്ചു. വാദി ഹുറയിലും വാദി ഫാത്തിമയിലും മലവെള്ളത്തിന്റെ കുത്തൊഴുക്കുണ്ട്. പലയിടത്തും റോഡിൽ വെള്ളം കയറി. രാജ്യത്ത് വരുംദിവസങ്ങളിലും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഖത്തറിലും ബഹ്റൈനിലും രാവിലെ മുതൽ മഴയുണ്ട്. നാളെയും തുടരും. അതേസമയം ഒമാനിൽ വെള്ളിയാഴ്ചയോടെ മഴ എത്തും.