മക്കയുടെ സമീപ പ്രദേശങ്ങളിൽ കനത്ത മഴ; വാഹനങ്ങൾ ഒലിച്ചു പോയി; മുന്നറിയിപ്പ്

കാലാവസ്ഥ മുന്നയിപ്പിനു പിറകെ മക്ക മേഖലയിലെ ചില സമീപപ്രദേശങ്ങളിൽ കനത്ത മഴ.  നിരവധി വാഹനങ്ങൾ നിരത്തുകളിൽ ഒലിച്ചുപോയി. മക്ക മസ്ജിദുൽ ഹറമിലും മഴപെയ്തു. 

ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് (വെള്ളിയാഴ്ച) ഇടത്തരം മുതൽ കനത്ത വരെ മഴയുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. രാത്രി 7 മണി വരെ മേഖലയിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നു സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

മഴയെത്തുടർന്നു മുൻകരുതൽ എന്ന നിലയിൽ തായിഫ് അൽ ഹദാ റോഡ് താൽക്കാലികമായി ഇരു ദിശകളിലേക്കും അടയ്ക്കുമെന്ന് മക്ക എമിറേറ്റ് മുന്നറിയിപ്പ് നൽകി.

മദീന, തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തികൾ, ഹായിൽ, അൽ-ഖാസിം എന്നിവയുൾപ്പെടെ രാജ്യത്തിന്റെ മറ്റ് നിരവധി പ്രദേശങ്ങളിലും താപനിലയിൽ കുറവുണ്ടാകുമെന്നും കാലാവസ്ഥ കേന്ദ്രം പറഞ്ഞു.കൂടാതെ വിമാനയാത്രക്കാരോട് അവരുടെ വിമാനത്തിന്റെ വിവരങ്ങൾ പരിശോധിക്കാനായി എയർലൈനുകളുമായി ബന്ധപ്പെടാൻ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് വിമാനത്താവള അതോറിറ്റി  ആവശ്യപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മൂലം ചില വിമാനങ്ങൾ വൈകിയേക്കുമെന്ന് കിങ് അബ്ദുൽ അസീസ് വിമാനത്താവളം അറിയിച്ചു.

Flash Floods Wash Away Vehicles in Mecca, Saudi Arabia