'മതനേതാക്കൾ മാനവികതയുടെ നന്മയ്ക്കായി നിൽക്കണം; മാതൃകയാകണം'

മതനേതാക്കൾ മാനവികതയുടെ നന്മയ്ക്കായി നിലകൊള്ളണമെന്നും ജനങ്ങൾക്ക് മാതൃകയാകണമെന്നും ഫ്രാൻസിസ് മാർപാപ്പ.  യുദ്ധത്തിനെതിരെ ഒരുമിച്ച് നിൽകണമെന്ന് ആഹ്വാനം ചെയ്തത മാർപാപ്പ മതസ്വാതന്ത്ര്യം ഉറപ്പാക്കാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും ബഹ്റൈനിൽ സംസാരിച്ചു. ബഹ്റൈൻ ഭരണാധികാരി ഹമദ് ബിൻ ഈസ അൽ ഖലീഫ സംഘടിപ്പിച്ച ആഗോള മത സമ്മേളനത്തിൽ സമാപന സന്ദേശം നൽകുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

കിഴക്കും പടിഞ്ഞാറും മനുഷ്യന്‍റെ നിലനിൽപ്പിന് എന്ന വിഷയത്തിലാണ് മത സമ്മേളനം സംഘടിപ്പിച്ചത്.  കഴിക്കിന്‍റെയും പടിഞ്ഞാറിന്‍റെയും ഭിന്നതകളെ നമുക്കു പരിഹരിക്കാമെന്ന് പറഞ്ഞ മാർപാപ്പ   മതങ്ങൾക്കും നേതാക്കൾക്കും വിഷയത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും ഓർമിപ്പിച്ചു.  മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങൾക്ക്  ശരിയായ വിദ്യാഭ്യാസം നൽകണം. സഹിഷ്ണുതയുണ്ടെന്ന് പറയുകയല്ല സഹവർത്തിത്വത്തോടെ കഴിയാൻ അവസരമുണ്ടാകണം.  സ്ത്രീകളെ അംഗീകരിക്കൽ,  കുട്ടികളുടെ മൌലീകാവകാശസംരക്ഷണം,  തുല്യനീതി എന്നീ വിഷയങ്ങളിൽ ബോധവൽക്കരണം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുക്രയിനിലെ യുദ്ധം അവസാനിപ്പിക്കാൻ സമാധാനചർച്ചകൾ തുടങ്ങണം. സാംസ്കാരിക ഭിന്നതയെ ഐക്യത്തിലൂടെ ഇല്ലാതാക്കി മാനവികതയിലേക്കു ശ്രദ്ധിക്കാമെന്നും മാർപാപ്പ പറഞ്ഞു.   സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സന്ദേശം പകരുന്ന മതങ്ങളുടെ പേരിൽ മനുഷ്യർ ഭിന്നിക്കരുതെന്നു ആഹ്വാനം ചെയ്താണ് സമ്മേളനം അവസാനിച്ചത്.  ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയും അൽ അസർ അൽ ഷെരീഫ് ഗ്രാൻഡ് ഇമാമും മുസ്‌ലിം കൗൺസിൽ ഫോർ എൽഡേഴ്സ് ചെയർമാനുമായ പ്രഫ. അഹമ്മദ് അൽ തായിബും,  വിവിധമതനേതാക്കളും   സമാപന സമ്മേളനത്തിൽ സംസാരിച്ചു.  പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് രാജ്യം മാർപാപ്പയെ മത സമ്മേളനത്തിലേക്കു സ്വീകരിച്ചത്