വില 639 കോടി; മകനായി ദുബായിലെ ഏറ്റവും വിലയുള്ള വീട് വാങ്ങി മുകേഷ് അംബാനി

കോവിഡ് കാലത്തിനുശേഷം ദുബായിലെ റിയൽ എസ്റ്റേറ്റ് വിപണി കുതിക്കുകയാണ്. ഇവിടെ നിക്ഷേപം നടത്തുന്നവർക്ക് ദീഘകാല വീസ അടക്കമുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചതോടെ ധാരാളം ഇന്ത്യക്കാർ ദുബായിൽ വീടും സ്ഥലവുമൊക്കെ വാങ്ങാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ദുബായിലെ തന്നെ ഏറ്റവും വിലയേറിയ വീട്, മുകേഷ് അംബാനി സ്വന്തമാക്കി എന്നാണ് റിപ്പോർട്ടുകൾ. 

ദുബായിലെ പാം ജുമേറയിലുള്ള ബീച്ച് സൈഡ് വില്ല 80 മില്യൺ ഡോളറിനാണ് ( 639 കോടി രൂപ)  വാങ്ങിയതെന്നാണ് വാർത്ത. അംബാനിയുടെ  ഇളയമകൻ ആനന്ദിന് വേണ്ടി വാങ്ങിയ ബ്രഹ്മാണ്ഡ വീട്ടിൽ 10 കിടപ്പുമുറികൾ, പ്രൈവറ്റ് സ്പാ, ഇൻഡോർ  ഔട്ഡോർ പൂൾ തുടങ്ങിയവയുണ്ട്.

കഴിഞ്ഞ വർഷമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് 597 കോടി രൂപയ്ക്ക് (5.7 കോടി പൗണ്ട്) ബ്രിട്ടനിലെ പ്രശസ്തമായ ആഡംബര ഗോൾഫ് റിസോർട്ട്– കൺട്രി ക്ലബ് സമുച്ചയം സ്റ്റോക് പാർക്ക് സ്വന്തമാക്കിയത്.  ബക്കിങ്ങാംഷറിലാണ് സ്റ്റോക് പാർക്ക്. ഇവിടത്തെ 900 വർഷം പഴക്കം കണക്കാക്കുന്ന ആഡംബര സൗധം 1908 വരെ സ്വകാര്യവസതിയായിരുന്നു. ശേഷം അത്യാഡംബര ഹോട്ടലും ഗോൾഫ് കോഴ്സും ടെന്നിസ് കോർട്ടുകളും പൂന്തോട്ടങ്ങളുമൊക്കെയായി പ്രവർത്തിക്കുന്ന ഇവിടം 2 ജയിംസ് ബോണ്ട് ചിത്രങ്ങളടക്കം പല ഹോളിവുഡ് സിനിമകൾക്കും പശ്ചാത്തലമൊരുക്കി.