ഇന്ത്യയിലെ ഏറ്റവും വില കൂടിയ കാർ അംബാനിക്ക്; നമ്പറിനായി മുടക്കിയത് 12 ലക്ഷം

രാജ്യത്ത് നിലവിൽ ഏറ്റവും വിലയേറിയ കാർ ആരുടെ പക്കലാണ് എന്ന ചോദ്യത്തിന് ഇനി മുകേഷ് അംബാനി എന്ന് പറയാം. റോൾസ് റോയ്സ് കള്ളിനൻ സ്വന്തമാക്കിയിരിക്കുകയാണ് അദ്ദേഹം. അംബാനിക്ക് ഇതുകൂടാതെ രണ്ട് റോൾസ് റോയ്സ് കള്ളിനനുകൾ സ്വന്തമായുണ്ടെങ്കിലും പുതിയ എസ്‌യുവിയുടെ വിലയാണ് ഇതിനെ വാർത്താതാരമാക്കി മാറ്റുന്നത്. മുംബൈ ആർടിഓ വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 13.14 കോടി രൂപ വില വരുന്ന ഈ എസ്‍യുവി രാജ്യത്തെ ഏറ്റവും വിലയുള്ള കാറുകളിലൊന്നാണ്. സൗത്ത് മുംബൈയിലാണ് ട്യുസാൻ സൺ എന്ന നിറത്തിലുള്ള ഈ കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.

ആർടിഒയിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം 20 ലക്ഷം രൂപ നികുതിയായും 40000 രൂപ റോഡ് സേഫ്റ്റി നികുതിയായും അടച്ചിട്ടുണ്ട്. ഈ വാഹനത്തിന് ‘0001’ എന്ന ഫാൻസി നമ്പർ ലഭിക്കുന്നതിനായി അംബാനി 12 ലക്ഷം രൂപയാണ് മുടക്കിയത്. 2018 ൽ ഇന്ത്യൻ വിപണിയിലെത്തിയ കാറിന്റെ എക്സ് ഷോറും വില ഏകദേശം 6.95 കോടി രൂപയാണ്. എന്നാൽ അംബാനിയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് വരുത്തിയ മാറ്റങ്ങളാണ് ഈ വാഹനത്തിന്റെ വില 13.14 കോടി രൂപ ആക്കിയത്.

ലോകത്തിലെ ഏറ്റവും വേഗമുള്ള ലക്ഷ്വറി എസ്‌യുവികളിലൊന്നാണ് കള്ളിനൻ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കള്ളിനന്‍ ഡയമണ്ടില്‍ നിന്നാണു പുത്തന്‍ എസ്‌യുവിക്കുള്ള പേര് റോള്‍സ് റോയ്‌സ് കണ്ടെത്തിയത്. 563 ബിഎച്ച്പി കരുത്തും 850 എന്‍എം കുതിപ്പുശേഷിയുമുള്ള 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 പെട്രോള്‍ എന്‍ജിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളുമുണ്ട്. പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.