കുരങ്ങുപനി; ജാഗ്രതാനിർദേശവുമായി യുഎഇ ആരോഗ്യമന്ത്രാലയം

കുരങ്ങുപനിക്കെതിരെ ജാഗ്രതാനിർദേശവുമായി യുഎഇ ആരോഗ്യമന്ത്രാലയം. കുരങ്ങുപനിയുടെ വ്യാപനം തടയാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നു മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ഗൾഫിലെവിടെയും കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ല.

വിദേശരാജ്യങ്ങളിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് യുഎഇ ആരോഗ്യമന്ത്രാലയം മുൻകരുകൽ നടപടികൾ വ്യക്തമാക്കിയത്. രോഗത്തിനു കാരണമാകുന്ന വൈറസിൻറെ വ്യാപനം തടയുന്നതിനു ആരോഗ്യസംവിധാനം പൂർണമായും തയ്യാറാണ്. സംശയാസ്പദമായ കേസുകൾ റിപ്പോർട്ട് ചെയ്യാനും അണുബാധ കണ്ടെത്തുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യസംരക്ഷണകേന്ദ്രങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. രോഗം നേരത്തേ കണ്ടെത്തുന്നതിനും, രോഗികളുടെ ചികിൽസ, മുൻകരുതൽ നടപടികൾ എന്നിവയ്കക്കായി മഹാമാരിനിയന്ത്രണത്തിനായുള്ള ഉപദേശകസമിതി മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. 

സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം ഓർമിപ്പിക്കുന്നു. അതേസമയം, സൌദിഅറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ ഗൾഫ് രാജ്യങ്ങളിലും കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്നു അതാത് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങൾ വ്യക്തമാക്കി. ഏതുതരത്തിലുള്ള അടിയന്തരസാഹചര്യവും നേരിടാൻ തയ്യാറാണെന്നു സൗദി ആരോഗ്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.