തൃശൂരില്‍ മരിച്ച യുവാവിന് വിദേശത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു: ആരോഗ്യമന്ത്രി

തൃശൂരില്‍ മരിച്ച യുവാവിന് വിദേശത്തുവച്ച് മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ യുവാവിന്‍റെ റൂട്ട് മാപ്പ് തയ്യാറാക്കി. സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന്് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അറിയിച്ചു. 

ശനിയാഴ്ച്ച രാവിലെയാണ് 22കാരനായ യുവാവ് മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ചത്. യുഎഇയില്‍ നിന്നാണ് യുവാവ് കേരളത്തിലെത്തിയത്. വിദേശത്ത് നിന്ന് നടത്തിയ പരിശോധനയില്‍ തന്നെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധുക്കള്‍ ആശുപത്രി അധികൃതര്‍ക്ക് കൈമാറി. ഈമാസം 21ന് കേരളത്തിലെത്തിയ യുവാവ് 27ന് മാത്രമാണ് ആശുപത്രിയില്‍ എത്തിയത്. ചികില്‍സ തേടാന്‍ വൈകിയതടക്കമുള്ള കാര്യങ്ങള്‍ ഉന്നതതല സംഘം പരിശോധിക്കും. മങ്കിപോക്സ് മൂലം മരണത്തിന് സാധ്യത കുറവായതിനാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 

റൂട്ട് മാപ്പ് തയ്യാറാക്കി കഴിഞ്ഞു.  യാത്ര ചെയ്ത വിമാനത്തിലെ സഹയാത്രികര്‍, നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേയ്ക്ക് വന്ന ടാക്സി ഡ്രൈവര്‍, അടുത്ത ബന്ധുക്കള്‍, അയല്‍വാസികള്‍, ആശുപത്രി ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവരോടാണ് നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടത്. സ്രവപരിശോധന ആലപ്പുഴ വൈറോളി ലാബില്‍ പുരോഗമിക്കുകയാണ്. പുന്നയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ യോഗം ചേര്‍ന്ന് ആരോഗ്യവകുപ്പ് സ്ഥിതിഗതികള്‍ വിലയിരുത്തി.