മങ്കിപോക്സല്ല, ഇനി 'എംപോക്സ്'; പരിഷ്കരിച്ച് ലോകാരോഗ്യ സംഘടന

പ്രതീകാത്മക ചിത്രം

മങ്കി പോക്സിന്‍റെ പേര് എം പോക്സ് എന്നാക്കി ലോകാരോഗ്യസംഘടന. അസുഖത്തിന്റെ പേര് വംശീയാധിക്ഷേപം ഉണ്ടാക്കുന്നു എന്ന ആക്ഷേപത്തെ തുടര്‍ന്നാണ് നടപടി. രോഗം പകരുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരന്നതിനെ തുടർന്ന് കുരങ്ങുകളെ തിരഞ്ഞു പിടിച്ച്  ആക്രമിക്കുന്ന സാഹചര്യം പലയിടത്തും ഉണ്ടായിരുന്നു. പരിശോധനയിൽ നിന്നും കുത്തിവയ്പ്പെടുക്കുന്നതിൽ നിന്നും ആളുകൾ പേരിനോടുള്ള വിമുഖത മൂലം പിൻമാറുന്നതായും അമേരിക്കയിലെ ഒരു സംഘം ഗവേഷകർ കണ്ടെത്തിയിരുന്നു.

അസുഖം കണ്ടെത്തി പത്ത് വർഷങ്ങൾക്ക് ശേഷം 1970ലാണ് മങ്കിപോക്സെന്ന് പേരിട്ടത്. എന്നാൽ കുരങ്ങുകളിലല്ല അസുഖത്തിന്റെ ഉത്ഭവമെന്ന് പിന്നീട് കണ്ടെത്തി. 2015 മുതൽ തന്നെ അസുഖത്തിന്റെ പേര് പരിഷ്കരിക്കണമെന്ന് നിർദേശം വന്നിരുന്നുവെങ്കിലും പേരുമാറ്റം വൈകി.  ഇക്കഴിഞ്ഞ ഓഗസ്റ്റിൽ 45 രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളോട് അസുഖത്തിന് പുതിയ പേര് നിർദേശിക്കാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടു. അങ്ങനെയാണ് എല്ലാ ഭാഷകളിലും അനായാസം ഉപയോഗിക്കാനാവുന്ന 'എം പോക്സി'ലേക്ക് എത്തിച്ചേർന്നത്.

പേരുമാറ്റത്തെ സ്വാഗതം ചെയ്യുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. നിലവിലുള്ള പേര് പ്രസിദ്ധീകരണങ്ങളിൽ നിന്നും ഡിജിറ്റൽ രേഖകളിൽ നിന്നും നീക്കം ചെയ്യാൻ പരമാവധി ഒരു വർഷം വേണ്ടി വന്നേക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ.