മങ്കി പോക്‌സ്: ഐസൊലേഷനും ചികിത്സയ്ക്കുമുള്ള മാര്‍ഗരേഖ പുറത്തിറക്കി

സംസ്ഥാനത്ത് മങ്കിപോക്‌സ് ചികിൽസയ്ക്ക് മാർഗരേഖ പുറപ്പെടുവിച്ചു. 21 ദിവസത്തിനുള്ളിൽ രോഗ ബാധയുള്ള രാജ്യത്ത് പോയവർക്ക് ലക്ഷണങ്ങളുണ്ടെങ്കിൽ മങ്കി പോക്സ് സംശയിക്കണം.  പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ടവർ 21 ദിവസം സ്വയം നിരീക്ഷിക്കണം. ആലപ്പുഴ, കൊല്ലം ജില്ലകളിൽ ലക്ഷണം കണ്ടവർക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി പറഞ്ഞു. മങ്കി പോക്സ് ബാധിത രാജ്യങ്ങളില്‍ പോയിട്ടുള്ളവർക്ക് ശരീരത്തില്‍ ചുവന്ന പാടുകളോടൊപ്പം, പനി, തലവേദന തുടങ്ങിയ ഒന്നോ അതിലധികമോ രോഗലക്ഷണങ്ങൾ  ഉണ്ടെങ്കില്‍ മങ്കിപോക്‌സാണെന്ന് സംശയിക്കണം. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, പിപിഇ കിറ്റിടാതെ ഇടപെടുക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം സ്പര്‍ശിക്കുക എന്നിവയുണ്ടായാൽ പ്രാഥമിക സമ്പർക്ക പട്ടികയിൽ വരും. മങ്കിപോക്‌സ് ബാധിച്ചതായി സംശയിക്കുന്നതും സാധ്യതയുള്ളതുമായ കേസുകള്‍ വെവ്വേറെ ഐസലേഷനില്‍ ചികിത്സിക്കണം.

ഐസലേഷന്‍ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളെ അവര്‍ ആവശ്യപ്പെട്ടാല്‍ മാത്രം സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യണം. ഐസലേഷന്‍ സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രമെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യാവൂ. രോഗിയെ ആംബുലൻസിൽ കൊണ്ടു പോകേണ്ടി വരുമ്പോള്‍ പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം.   രോഗി എന്‍ 95 മാസ്‌കോ ട്രിപ്പിള്‍ ലെയര്‍ മാസ്‌കോ ധരിക്കണം. മുറിവുകളുണ്ടെങ്കില്‍ അത് മൂടത്തക്ക വിധം വസ്ത്രം പുതപ്പിക്കണം.  എല്ലാ രാജ്യാന്തര  വിമാനത്താവളങ്ങളിലും തെര്‍മല്‍ സ്‌കാനര്‍ പരിശോധന നടത്തും. വിദേശത്ത് നിന്നും വരുന്ന യാത്രക്കാരില്‍ തെര്‍മ്മല്‍ സ്‌കാനര്‍ വഴിയുള്ള പരിശോധനയില്‍ പനിയുണ്ടെന്ന് കണ്ടെത്തിയാല്‍ അവരുടെ ദേഹത്ത് ചുവന്ന പാടുകള്‍ ഉണ്ടോയെന്ന് മെഡിക്കല്‍ സംഘം പരിശോധിക്കും. പാടുകളുണ്ടെങ്കില്‍  ഐസലേറ്റ് ചെയ്യണം. പ്രതിരോധശേഷി കുറഞ്ഞവരും പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും  വളര്‍ത്തുമൃഗങ്ങളുമായി സമ്പര്‍ക്കം പാടില്ല. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം. രോഗലക്ഷണങ്ങളില്ലാത്ത സമ്പര്‍ക്കം ഉള്ളവര്‍ രക്തം, കോശങ്ങള്‍, ടിഷ്യു, അവയവങ്ങള്‍, സെമന്‍ എന്നിവ ദാനം ചെയ്യാന്‍ പാടില്ല. മങ്കിപോക്‌സ് ബാധിച്ചവരുമായോ സംശയിക്കുന്നവരുമായോ സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ 21 ദിവസം നിരീക്ഷിക്കണം. രോഗ ലക്ഷണമില്ലെങ്കില്‍ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കേണ്ടതില്ലെന്നാണ് മാർഗരേഖ.