ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയൻ തുറന്നു; ഉദ്ഘാടനം പീയൂഷ് ഗോയൽ

ദുബായ് എക്സ്പോയിലെ ഇന്ത്യൻ പവലിയൻ പൊതുജനങ്ങൾക്കായി തുറന്നു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്തു. നാല് നിലകളിലായി എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിൽ ഒന്നാണ് ഇന്ത്യയുടെത്. 

ഭാരത് മാതാ ജയ് വിളികളുടെ അകമ്പടിയൊടെ ഇന്ത്യയെ ലോകത്തിനു മുൻപിൽ പരിചയപ്പെടുത്തുന്ന ഇന്ത്യൻ പവലിയൻ ദുബായ് എക്സ്പോ വേദിയിൽ തുറന്നു. കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ, ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ അമന്‍ പുരി, പ്രവാസി വ്യവസായികള്‍, പ്രവാസി ഇന്ത്യക്കാര്‍ തുടങ്ങിയവർ സന്നിഹിതരായിരുന്നു.  ബഹിരാകാശം, ആരോഗ്യം തുടങ്ങി വിവിധമേഖലകളിലെ ഇന്ത്യൻ മുന്നേറ്റമാണ് എക്സ്പോ പവലിയനിൽ ഒരുക്കിയിരിക്കുന്നത്. 

വിവിധരാജ്യങ്ങളുമായി വാണിജ്യ,വ്യവസായ,വിനോദസഞ്ചാര മേഖലകളിലെ ചർച്ചകൾക്ക് ഇന്ത്യൻ പവലിയൻ വേദിയാകും. യോഗയുടെ പ്രചരണത്തിൻറെ ഭാഗമായി താഴത്തെ നിലയിൽ യോഗാരൂപങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിൻറേതടക്കം വിനോദസഞ്ചാരമേഖലയിലെ മനോഹരമായ കാഴ്ചകളും സാംസ്കാരിക തനിമയും ഇന്ത്യൻ പവലിയനിലൂടെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കും. 

വിനോദസഞ്ചാരം, ആയുഷ്, പെട്രോളിയം, പരിസ്ഥിതി, വനം,കാലാവസ്ഥാ, പുനരുപയോഗ ഊർജം തുടങ്ങിയ മന്ത്രാലയങ്ങളുടെ പങ്കാളിത്തവും ഇന്ത്യൻ പവലിയനിലുണ്ട്.