ഇന്ത്യാക്കാർ എത്തുന്നത് ദുബായ് എക്സ്പോ കാണാൻ; മനസിൽ ‘തിളങ്ങുന്നത്’ മറ്റൊന്ന്

representative image

ദുബായ്: എക്സ്പോ 2020 കാണാൻ ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നത് സ്വർണക്കച്ചവടത്തിലും പ്രതിഫലിക്കുന്നതായി കണക്കുകൾ. എട്ടു വർഷത്തെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് സ്വർണക്കട്ടികളുടെയും നാണയങ്ങളുടെയും കാര്യത്തിൽ കഴിഞ്ഞ വർഷം ഉണ്ടായതെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് എക്സ്പോ തുടങ്ങിയത്.

4021 ടൺ ആണ് കഴിഞ്ഞവർഷത്തെ മൊത്ത വിൽപന. 2021 അവസാന പാദത്തിൽ 1147 ടൺ ആണ് വിറ്റത്. 2019നു ശേഷം ഏറ്റവും ഉയർന്ന വിൽപനയാണിത്. തലേ വർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർധന. സ്വർണക്കട്ടികളുടെയും സ്വർണ നാണയങ്ങളുടെയും വിൽപനയിൽ 31% വർധന. 1180 ടണ്ണാണ് വിൽപന. ഇതാകട്ടെ കഴിഞ്ഞ എട്ടുവർഷത്തെ ഏറ്റവും ഉയർന്നതാണ്. ഏറ്റവും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തെ കണ്ടു എന്നതിന്റെ തെളിവായാണ് ഈ വിൽപന വളർച്ചയെ മേഖലയിലുള്ളവർ വിലയിരുത്തുന്നത്.

സ്വർണക്കടകളിലെ നേരിട്ടുള്ള ആഭരണ വിൽപന ഒഴികെ ബാക്കിയെല്ലാം 2020ൽ കോവിഡ് മൂലമുണ്ടായ നഷ്ടം നികത്തി മുന്നേറുകയാണെന്നും റിപ്പോർട്ടിലുണ്ട്. അതേ സമയം സ്വർണം ആധാരമാക്കിയുള്ള ഇടിഎഫുകളിൽ 173 ലക്ഷം കോടി കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് സ്വർണം ആധാരമാക്കിയുള്ള ഇടിഎഫുകൾ സ്വരുക്കൂട്ടിയ 2200 ലക്ഷംകോടി വച്ചു നോക്കുമ്പോൾ ഇതു നിസാരമാണെന്നും ചൂണ്ടിക്കാട്ടുന്നു.

സ്വർണത്തിലുള്ള വിശ്വാസം തന്നെയാണ് ഇതിനു കാരണമെന്നും വ്യക്തമാക്കുന്നു.  കേന്ദ്രബാങ്കുകളുടെ സ്വർണശേഖരവും വർധിച്ചിട്ടുണ്ട്. 2020നെ അപേക്ഷിച്ച് 82% വർധന. 463 ടൺ ആണ് കഴിഞ്ഞ വർഷം അധികമായി വാങ്ങിയിട്ടുള്ളത്. സാങ്കേതിക മേഖലയിലും സ്വർണത്തിന്റെ ഉപയോഗം കൂടി. കഴിഞ്ഞ വർഷം 9% അധികമാണിത്. 330 ടണ്ണാണ് ഇങ്ങനെ അധികമായി വാങ്ങിയിട്ടുള്ളത്. മൊബൈലുകളിൽ മുതൽ ബഹിരാകാശത്ത് ഉപയോഗിക്കുന്ന ടെലസ്കോപ്പുകളിൽ വരെ ഇതിന്റെ ഉപയോഗമുണ്ട്.

വിസിറ്റിങ് വീസയിൽ എത്തുന്നവർ സ്വർണം വാങ്ങുമ്പോൾ നൽകുന്ന വാറ്റിന്റെ 80% വിമാനത്താവളത്തിൽ തിരികെ തരുന്ന പദ്ധതി യുഎഇ നടപ്പാക്കിയിട്ടുണ്ട്. ഇതാണ് സന്ദർശകർ ഏറുമ്പോൾ കച്ചവടം വർധിക്കാനുള്ള കാരണം. ചില്ലറ വിൽപന മേഖലയിൽ തങ്ങൾക്ക് കഴിഞ്ഞ വർഷം 53% വളർച്ചയുണ്ടായതായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു. സ്വർണമെന്നാൽ കറൻസിക്കു തുല്യമാണ്. കോവിഡ് മൂലം ആളുകൾ പ്രയാസപ്പെട്ടിരുന്ന സമയത്ത് അവരുടെ പക്കലുള്ള സ്വർണം വാങ്ങി പണം നൽകുന്ന പദ്ധതി നടപ്പാക്കിയിരുന്നു. അത് വലിയ ചലനം സൃഷ്ടിച്ചു.

നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങി സൂക്ഷിക്കുന്നതിൽ ആളുകൾക്ക് കൂടുതൽ വിശ്വാസമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഡിസംബറിൽ വിൽപനയിൽ നല്ല ഉയർച്ച ഉണ്ടായതായി ഇന്റർനാഷനൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദും പറഞ്ഞു.  ജനുവരി ആദ്യ ആഴ്ചകളിൽ ഒമിക്രോൺ പേടി മൂലം വിൽപന പ്രതീക്ഷിച്ചത്ര ഉയർച്ച കാണിച്ചില്ല.  ഇപ്പോൾ വീണ്ടും ഉയർച്ച കാണിച്ചു തുടങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.