എക്സ്പോ 2020: ആവേശത്തോടെ, പ്രതീക്ഷയോടെ ലോകം ദുബായിലേക്ക്

ഗൾഫിൽ ആദ്യമായെത്തുന്ന രാജ്യാന്തര എക്സ്പോയ്ക്ക് നാളെ മിഴിതുറക്കും. 192 രാജ്യങ്ങളുടെ പങ്കാളിത്തമുള്ള ദുബായ് രാജ്യാന്തര എക്സ്പോയുടെ ഉദ്ഘാടനം പ്രാദേശികസമയം ഇന്ന് രാത്രി ഏഴു മുപ്പതിന് തുടങ്ങും. വെള്ളിയാഴ്ചയാണ് ഇന്ത്യൻ പവലിയൻ തുറക്കുന്നത്.   

എട്ടുവർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിൽ മഹാമാരിയേയും അതിജീവിച്ച് ദുബായ് എക്സ്പോ 2020യ്ക്ക് തിരിതെളിയുന്നു. എക്സ്പോ വേദിയിലെ അൽ വാസൽ പ്ളാസയിൽ ഇന്ത്യൻ സമയം രാത്രി ഒൻപതിനാണ് ഉദ്ഘാടനം. ക്ഷണിക്കപ്പെട്ട അതിഥികൾക്കു മുന്നിൽ നടക്കുന്ന ഉദ്ഘാടന ആഘോഷം ലോകം മുഴുവൻ ലൈവായി കാണാം. വിവിധ രാജ്യങ്ങളിലെ ആയിരത്തിലേറെ കലാപ്രതിഭകളൊരുക്കുന്ന നൃത്ത, സംഗീത പരിപാടികൾക്കൊപ്പം ലേസർ ഷോ, വർണവിസ്മയങ്ങൾ, കരിമരുന്നു പ്രയോഗം തുടങ്ങിയവ അരങ്ങേറും. യുഎഇയിലെ ഏഴു എമിറേറ്റുകളിലേയും ഭരണാധിപൻമാർ സാക്ഷികളാകും. സുരക്ഷയോടെ സമാധാനത്തോടെ എക്സ്പോ ആസ്വദിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ദുബായ് എക്സ്പോ ഡയറക്ടർ ജനറൽ റീം അൽ ഹാഷ്മി. 

കേന്ദ്രവാണിജ്യവ്യവസായ മന്ത്രി പിയുഷ് ഗോയൽ എ ഇന്ത്യൻ പവലിയൻ ഉദ്ഘാടനം ചെയ്യും. ബഹിരാകാശ രംഗത്തേതടക്കം ഇന്ത്യയുടെ മുന്നേറ്റങ്ങളാണ് ഏറ്റവും വലിയ പവലിയനുകളിലൊന്നായ ഇന്ത്യൻ പവലിയനിൽ അവതരിപ്പിക്കുന്നത്. 192 രാജ്യങ്ങൾക്കും പവലിയനുകളുള്ള ആദ്യ എക്സ്പോയാണ് ദുബായിലേത്. 18വയസിൽ താഴെയുള്ളവർ, 60 ന് മുകളിൽ പ്രായമുള്ളവർ, നിശ്ചയദാർഢ്യവിഭാഗക്കാർ എന്നിവർക്ക് എക്സ്പോയിലേക്ക് പ്രവേശനം സൌജന്യമാണ്. /expo2020dubai.com/ വെബ്സൈറ്റ്, വിവിധ എജൻസികൾ വഴിയുള്ല ടിക്കറ്റ് വിതരണം പുരോഗമിക്കുകയാണ്. ഒക്ടോബർ ഒന്നു മുതൽ അടുത്തവർഷം മാർച്ച് 31 വരെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.