കോവിഡിനെ അതിജീവിച്ചു; ശേഷം മുടി നീട്ടി; മലപ്പുറം സ്വദേശിയായ പ്രവാസിയുടെ നൻമ

ദുബായ്: കോവി‍ഡ് കാലത്ത് നീട്ടിവളർത്തിയ തലമുടി അർബുദ രോഗികൾക്ക് സമ്മാനിച്ച് പ്രവാസി യുവാവ്. മലപ്പുറം തിരൂരങ്ങാടി സ്വദേശി കെ.സി.മസിൻ മൻസൂറാ(34)ണ് തന്റെ സാമൂഹിക പ്രതിബദ്ധത പ്രകടിപ്പിക്കാൻ മഹാമാരിക്കാലത്തെ ഉപയോഗിച്ചത്. രണ്ട് തവണ തന്നെ ആക്രമിച്ച കൊറോണ വൈറസിനെ തുരത്തിയതും ഇൗ യുവാവിന്റെ നിശ്ചയദാർഢ്യം തന്നെ.

കഴിഞ്ഞവർഷം ഏപ്രിലിലാണ് മസിന് ആദ്യം കോവിഡ് പോസിറ്റിവായത്. അബുദാബി എൽഎൽഎച്ച് ആശുപത്രിയിലെ കോവിഡ് കേന്ദ്രത്തിലായിരുന്നു അന്ന് പ്രവേശിക്കപ്പെട്ടത്. നാല് ദിവസം കൊണ്ട് നെഗറ്റീവ് റിസൾട്ട് വന്നു. അഞ്ച് ദിവസത്തിന് ശേഷം വീണ്ടും പരിശോധിച്ചപ്പോഴും ഫലം നെഗറ്റീവ് തന്നെ. പക്ഷേ, ആശുപത്രി വിട്ട് ഒരാഴ്ചയ്ക്ക് ശേഷം കടുത്ത തലവേദനയും ചുമയും കാരണം ഡോക്ടറെ സമീപിച്ചു. വീണ്ടും പരിശോധിച്ചപ്പോൾ ഇന്റർമീഡിയേറ്റ് റിസൾട്ട്, അഥവാ വീണ്ടും പോസിറ്റിവെന്ന് സംശയം!  ഒരിക്കൽ കോവിഡ് വന്നവർക്ക് വീണ്ടും വരില്ലെന്ന എന്റെയും കൂടെ ജോലിചെയ്യുന്നവരുടെയും ധാരണ മാറിമറിഞ്ഞു. താൻ നേരത്തെ ജോലി ചെയ്തിരുന്ന വിപിഎസ് ഹെൽത്ത് കെയറിന് കീഴിലുള്ള ബുർജീൽ മെഡിക്കൽ സിറ്റിയിലായിലായിരുന്നു ചികിത്സ. അർബുദ ചികിത്സയിൽ സ്പെഷ്യലൈസ് ചെയ്യുന്ന ആശുപത്രി കോവിഡ് ചികിത്സയ്ക്കായി പ്രത്യേക മേഖല സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. അവിടെ ന്യൂമോണിയ മാറാൻ ഉള്ള ട്രീറ്റ്‌മെന്റ് തുടങ്ങി. അപ്പോഴേക്കും മുഴുവൻ ക്ഷീണിച്ചു. ചുമ വിടാനുള്ള ലക്ഷണമൊന്നും ഇല്ല. ഇടയ്ക്കിടെ അസുഖവിവരം അന്വേഷിച്ചുള്ള ഡോക്ടർമാരുടെയും വൈറ്റൽസ് പരിശോധിക്കാൻ വരുന്ന നഴ്സുമാരുടെയും ആശ്വാസവാക്കുകളാണ് മാനസികമായി തകർന്ന് പോകാതെ കൂട്ടായത്.

സുഹൃത്തുക്കളുമായും വീട്ടുകാരുമായും വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. അതിനിടെയാണ് യാദൃച്ഛികമായി അർബുദ രോഗത്തെ കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള വീഡിയോകൾ കാണുന്നത്. അർബുദ സ്പെഷ്യാലിറ്റിയുള്ള ഹോസ്പിറ്റലിലാണ് ചികിത്സയിലെന്നതും എന്റെ ഒരു സുഹൃത്ത് ആ മഹാരോഗത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ആളാണെന്നതും വല്ലാതെ ഉള്ളുലച്ചു. ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്നവരുടെ ചിത്രങ്ങളും ഓർമകളും മനസിലെത്തിയപ്പോഴാണ് തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന ചിന്ത തുടങ്ങിയതെന്ന് മസിൻ പറഞ്ഞു. അടുത്തദിവസമെത്തിയ ഡോക്ടറോട് ഇക്കാര്യം അന്വേഷിച്ചു. യുഎഇയിൽ ലഭ്യമായ വഴികൾ അദ്ദേഹം പറഞ്ഞുതന്നു.

നീണ്ട കോവിഡ് കാലത്തിനു ശേഷം 2020 ജൂണ്‍ 21ന്  ആശുപത്രി വിട്ടു. ഒന്നാം വരവിലേതു പോലെ നന്നായി വലച്ചു തന്നെയാണ് മനുഷ്യശത്രു ഇക്കുറിയും വിട്ടുപോയത്. ഇക്കുറി ഇന്റർമീഡിയേറ്റ് റിസൾട്ടിന്റെ മാനസിക സമ്മർദ്ദമൊന്നുമുണ്ടായില്ലെന്നത് ഭാഗ്യം. ചുമച്ചുലഞ്ഞ നെഞ്ചിൽ തൊട്ടുറപ്പിച്ച ഒരു തീരുമാനത്തിന്റെ കൂട്ടുണ്ടായിരുന്നു കോവിഡിനെ അതിജീവിച്ച് രണ്ടാം തവണ ആശുപത്രി വിടുമ്പോൾ ഒപ്പം. അടുത്ത ജന്മദിനം വരെ മുടി വളർത്തണം. സംഭാവന ചെയ്യാനുള്ള നീളമാകുന്നതുവരെയെങ്കിലും.

ഡിസംബർ 10 ജോലി ഉപേക്ഷിക്കുകയും ഫെബ്രുവരി 2ന് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ജൂലൈ 28ന് നീളൻ മുടി സംഭാവന ചെയ്യണമെന്ന് കരുതിയെങ്കിലും കോവിഡ് സോൺ ക്ലാസിഫിക്കേഷൻ കാരണം അത് നടന്നില്ല. എങ്കിലും രണ്ട് വട്ടം കോവിഡ് വന്നപ്പോഴും കരകയറാൻ കൂടെ നിന്ന ഈ സമൂഹത്തിന് സാധ്യമായത് തിരികെ നൽകാനായുള്ള ശ്രമങ്ങൾക്ക് വെല്ലുവിളികൾ ഏറെ നേരിടേണ്ടി വന്നു. മുടി ദാനം നൽകുന്നത് സ്വീകരിച്ചിരുന്നവരിൽ പലരും കോവിഡിനെ തുടർന്ന് ആ ഉദ്യമത്തിൽ നിന്നും പിന്നോട്ട് പോയിരുന്നു. എങ്കിലും അന്വേഷണങ്ങൾക്കിടെ പ്രതീക്ഷയായ ചിലരെപ്പറ്റിയറിഞ്ഞു. ബന്ധപ്പെട്ടപ്പോൾ, മുടി മുറിച്ച് തങ്ങളുടെ വിലാസത്തിൽ അയച്ചുകൊടുക്കാൻ പറഞ്ഞു. അതനുസരിച്ച് കഴിഞ്ഞ ദിവസം മുടി മുറിച്ചു. അവർ നിര്‍ദേശിച്ച 12 ഇഞ്ചിൽ കൂടുതൽ നീളമുമുണ്ടായിരുന്നു!

പ്രതിസന്ധികളുടെയും അതിജീവനത്തിന്റെയും കോവിഡ് കാലത്ത് തന്റെ എളിയ ഈ ശ്രമം ആർക്കെങ്കിലും ഉപകാരപ്പെട്ടങ്കിൽ ധന്യനായെന്ന് മസിൻ പറയുന്നു. അർബുദ ആശുപത്രിയിൽ നിന്ന് ലഭിച്ച ഉൾവെളിച്ചം  മറ്റുള്ളവർക്ക് അറിവും പ്രചോദനവുമാകുമെങ്കിൽ ഇരട്ടി മധുരം.