വിലക്കിൽ അവ്യക്തത; കുവൈത്തിലേക്ക് വരാനുള്ളവർ കാത്തിരിക്കണം: സിബി ജോർജ്

ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് വരാനുള്ളവർ ടിക്കറ്റെടുക്കുന്നതിന് അൽപംകൂടി കാത്തിരിക്കുന്നതാണ് ഉചിതമെന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് മാറ്റുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണെന്ന് സിബി ജോർജ് വ്യക്തമാക്കി. അതേസമയം, കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച, താഴ്ന്ന വരുമാനക്കാരായ ഗാർഹികതൊഴിലാളികളുടെ കുടുംബാംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും ഇന്ത്യൻ സ്ഥാനപതി അറിയിച്ചു.

ഓഗസ്റ്റ് ഒന്ന് മുതൽ വിദേശികൾക്ക് കുവൈത്തിൽ പ്രവേശനം അനുവദിക്കുമെങ്കിലും ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് തുടങ്ങുന്നത്  സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുവെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് വ്യക്തമാക്കി. കുവൈത്തിലേക്ക് വരാനുള്ളവർ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് കുറച്ചുകൂടി കാത്തിരിക്കുന്നതാകും ഉചിതമെന്നും എംബസി സംഘടിപ്പിച്ച ഓപ്പൺ ഹൌസിൽ അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവീഷീൽഡ് വാക്സീൻ, ആസ്ട്രസെനക്ക എന്ന പേരിൽ കുവൈത്ത് ആരോഗ്യമന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. കുവൈത്ത് ആരോഗ്യമന്ത്രാലയം മൊബൈൽ ആപ്പിൽ റജിസ്റ്റർ ചെയ്ത പലർക്കും മറുപടി ലഭിക്കാത്തത് റജിസ്റ്റർ ചെയ്തവരുടെ ബാഹുല്യത്തെതുടർന്നുള്ള  കാലതാമസം കൊണ്ടാണ്. അതിനാൽ മറുപടി ലഭിക്കുംവരെ ആശങ്കപ്പെടേണ്ടതില്ലെന്നും സിബി ജോർജ് വ്യക്തമാക്കി. അതേസമയം, കുവൈത്തിൽ കോവിഡ് ബാധിച്ച് മരിച്ച 129 ദിനാറിൽ കുറഞ്ഞ ശമ്പളമുള്ള ഗാർഹികതൊഴിലാളികളുടെ കുടുംബത്തിന് ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് വക ഒരു ലക്ഷം രൂപാ വീതം നൽകുമെന്നും സ്ഥാനപതി അറിയിച്ചു.

കുവൈത്തിൽ കോവിഡ് ബാധിച്ച് 546 ഇന്ത്യക്കാർ മരിച്ചതായാണ് കണക്ക്. അവരിൽ 100 പേരെങ്കിലും കുറഞ്ഞ വരുമാനക്കാരാണ്. ഇതാദ്യമായാണ് ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഭാഗീകമായെങ്കിലും എംബസിയുടെ നേതൃത്വത്തിൽ സാമ്പത്തികസഹായം നൽകുന്നത്.