പൊതുമാപ്പ് നടപ്പിലാക്കാനൊരുങ്ങി സൗദി; ജയിൽ അധികൃതർക്ക് നിർദേശം നൽകി

സൗദി ജയിലുകളിൽ കഴിയുന്ന, കരിമ്പട്ടികയിൽ ഉൾപ്പെടുത്താത്ത കുറ്റവാളികളേയും അനധികൃത താമസക്കാരേയും പൊതുമാപ്പ് നൽകി മോചിപ്പിക്കാനുള്ള നടപടികൾ തുടങ്ങുന്നു. ഇതുസംബന്ധിച്ച് ഭരണാധികാരി സൽമാൻ രാജാവ് ജയിൽ അധികൃതർക്ക് നിർദേശം നൽകി. നിയമ ലംഘകർക്ക് പിഴയോ തടവുശിക്ഷയോ കൂടാതെ രാജ്യം വിടാനുള്ള അവസരമാണിത്. 

പൊതുമാപ്പ് നടപടിക്രമങ്ങൾ തുടങ്ങാൻ ജയിൽ അധികൃതർക്ക് സൗദി ഭരണാധികാരി നിർദേശം നൽകിയെങ്കിലും പൊതുമാപ്പ് എന്ന് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. വീസാ കാലാവധി കഴിഞ്ഞവർ, ട്രാൻസിറ്റ് വിസയിലോ, ഹജ്-ഉംറ-സന്ദശക വീസയിലോ സൗദിയിലെത്തി തിരിച്ച് പോകാത്തവർ, നിയമക്കുരുക്കിൽ കുടുങ്ങിയവർ തുടങ്ങി നിരവധി പേർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കും. രാജകീയ ഉത്തരവ് ഉടൻ നടപ്പാക്കാനും അതിൻറെ ഗുണഭോക്താക്കൾക്ക് മോചിതരാകാനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കാനും ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് ബിൻ അബ്ദുൽ അസീസ് നിർദ്ദേശിച്ചതായി ജയിൽ ഡയറക്ടർ ജനറൽ പറഞ്ഞു. അതേസമയം ക്രിമിനൽ കുറ്റവാളികൾ, സുരക്ഷാ വിഭാഗത്തിൻറെ കരിമ്പട്ടികയിൽ ഉള്ളവർ എന്നിവർക്ക് പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകില്ല. 

പൊതുമാപ്പിലൂടെ മോചിതരാകുന്ന വിദേശികൾക്ക് നിശ്ചിത കാലയളവിന് ശേഷം വീണ്ടും സൗദിയിലേക്ക് തിരിച്ച് വരാനുള്ള ആനുകൂല്യം നൽകാറുണ്ട്.  മതിയായ രേഖകൾ കൈവശമില്ലാത്തവരും ഫൈനൽ എക്സിറ്റ് കാലാവധി തീർന്നവരും ലേബർ ഓഫീസ് വഴിയാണ് ആനുകൂല്യത്തിന് സമീപിക്കേണ്ടത്. കൂടാതെ എംബസി, കോൺസുലേറ്റ്, മറ്റ് സഹായകേന്ദ്രങ്ങൾ വഴിയും ഈ അവസരം ഉപയോഗപ്പെടുത്താം.