സംസാരം ശല്യമായാൽ സൗദിയിൽ പിഴ വീഴും; പൊതുസ്ഥലങ്ങളിൽ ശബ്ദമര്യാദ പ്രധാനം

സൗദിയിൽ ഇനി പൊതു ഇടങ്ങളിൽ ബഹളം വെച്ച് ഉച്ചത്തിൽ സംസാരിച്ചാൽ അത് മറ്റുള്ളവർക്ക് ശല്യമാകുകയാണെങ്കിൽ പിടി വീഴും. ശബ്ദം മറ്റുള്ളവർക്ക് അരോചകമായി തോന്നിയാൽ സൗദിയിൽ ഇനി കീശ ചോരും. പൊതു സ്ഥലങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തിൽ ശബ്ദമര്യാദയും പ്രധാനമാണെന്ന് അധികൃതർ വ്യക്തമാക്കി. രാജ്യം സന്ദർശിക്കാനെത്തുന്നവരെ ഭീഷണിപ്പെടുത്തുന്നതോ അപകടത്തിൽ പെടുത്തുന്നതോ ബുദ്ധിമുട്ടിക്കുന്നതോ ആയ ശബ്ദമുണ്ടാക്കിയാൽ 100 റിയാലാണു (ഏകദേശം 2100 രൂപ) പിഴ.

പുരുഷന്മാരും സ്ത്രീകളും മാന്യമായി വസ്ത്രം ധരിക്കണം. അശ്ലീല ഭാഷയോ ആംഗ്യങ്ങളോ പാടില്ല. മാലിന്യം വലിച്ചെറിയരുത്, പൊതുസ്ഥലത്ത് തുപ്പരുത്, അനുവാദമില്ലാതെ ആരുടെയും ഫോട്ടോയോ വിഡിയോയോ എടുക്കരുത്, പ്രാർഥനാ സമയത്ത് ഉച്ചത്തിൽ പാട്ടുവയ്ക്കരുത് തുടങ്ങിയവയും പൊതു മര്യാദാ ചട്ടങ്ങളുടെ ഭാഗമാണ്.

രാജ്യത്തെ പബ്ലിക് ഡെക്കോറം സൊസൈറ്റി വൈസ് പ്രസിഡന്റ് ഖാലിദ് അബ്‍ദുല്‍ കരീമാണ് ഇക്കാര്യം അറിയിച്ചത്. പൊതുമര്യാദ നിയമവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷാ നടപടികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

നിയമലംഘനത്തിന്റെ തോതനുസരിച്ച് 750 രൂപ മുതൽ 1.26 ലക്ഷം വരെയാണു പിഴ. ഉപദ്രവിക്കുക, ശല്യപ്പെടുത്തുക, അസൗകര്യം ഉണ്ടാക്കുക തുടങ്ങിയവയ്ക്ക് കടുത്ത ശിക്ഷയുണ്ട്.