സ്വദേശിയുടെ സ്ഥാപനം ഉദ്ഘാടനം ചെയ്ത് മലയാളി; ദുബായിൽ പുതുചരിത്രം

ദുബായിൽ ഉദ്ഘാടന ചരിത്രം തിരുത്തി എഴുതി മലയാളി. മലയാളികളടക്കമുള്ള ഇന്ത്യക്കാർ തങ്ങളുടെ വ്യാപാര സ്ഥാപനങ്ങളും മറ്റും സാധാരണ ഉദ്ഘാടനം നിർവഹിപ്പിക്കുക സ്വദേശി പ്രമുഖരെകൊണ്ടാണ്. എന്നാൽ കഴിഞ്ഞ ദിവസം ദുബായിൽ സ്വദേശി പ്രമുഖന്റെ കട ഉദ്ഘാടനം ചെയ്തത് മലയാളി യുവാവ്. ദുബായ് അൽ തവാറിൽ ഇസിഎച്ച് എന്ന ബിസിനസ് കൺസൾട്ടിങ് സ്ഥാപനം നടത്തുന്ന കോഴിക്കോട് സ്വദേശി ഇഖ്ബാൽ മാർക്കോണി എന്ന യുവസംരംഭകനാണ് ഈ അപൂർവ അവസരം ലഭിച്ചത്. 

ദുബായിലെ റിട്ട.പൊലീസ് ഉദ്യോഗസ്ഥനായ അലി റമദാൻ അലി അഹമ്മദ് ആണ് തന്റെ കന്നി സംരംഭമായ ദുബായ് ഖിസൈസിലെ ടയർ ഫിക്സിങ് ആൻഡ് വീൽ അലൈൻമെന്റ് സർവീസസ് തന്റെ സുഹൃത്തുകൂടിയായ ഇഖ്ബാലിനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചത്. അതിൽ അനൗചിത്യമുണ്ടോ എന്ന ആശങ്കയോടെ വിമുഖത കാണിച്ചപ്പോൾ അലി റമദാൻ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്ന് ഇഖ്ബാൽ പറഞ്ഞു. 

വിദേശ നിർമിതമുൾപ്പെടെയുള്ള വിവിധയിനം ടയറുകളുടെ കടയാണ് തുറന്നത്. തന്റെ വ്യാപാര വളർച്ചയ്ക്ക് നിമിത്തമായത് ഇഖ്ബാൽ ആണെന്നാണ് ഇതിനു കാരണമായി അലി അഹമ്മദ് പറഞ്ഞത്. വർഷങ്ങളായി ദുബായില്‍ ബിസിനസുകാരനായ ഇഖ്ബാൽ ബിസിനസ് കൺസൾട്ടിങ് രംഗത്ത് ഏറെ ശ്രദ്ധേയനാണ്. അലി അഹമ്മദുമായി വര്‍ഷങ്ങളായി സൗഹൃദം പുലർത്തുന്നതായി ഇഖ്ബാൽ പറഞ്ഞു.