യുഎഇ–ഇസ്രയേൽ സമാധാന കരാറിന് മന്ത്രിസഭയുടെ അംഗീകാരം

യുഎഇ, ഇസ്രയേൽ പൌരൻമാർക്ക് ഇരുരാജ്യങ്ങളിലേക്കും സഞ്ചരിക്കുന്നത് വീസ ഒഴിവാക്കിയതായി ഇസ്രയേൽ പ്രധാനമന്ത്രി. ഇരുരാജ്യങ്ങളും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്ന് ബെന്യമിൻ നെതന്യാഹു പറഞ്ഞു. അതേസമയം, യുഎഇയും ഇസ്രയേലുമായുള്ള സമാധാനകരാറിന് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. 

ഇസ്രയേൽ, യുഎഇ പൌരൻമാർക്ക് ഇരുരാജ്യങ്ങളിലേക്കും സഞ്ചരിക്കുന്നതിന് വീസ ഫ്രീ സംവിധാനം നിലവിൽ വരും. ഇസ്രയേലിലെ ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രിയുടെ പ്രസ്താവന. അതിനിടെ യുഎഇ ഉന്നതസംഘം ഇത്തിഹാദ് വിമാനത്തിൽ ഇതാദ്യമായി ഇസ്രയേലിലെത്തി. ഇസ്രയേലിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി ആദ്യ ഇത്തിഹാദ് വിമാനം അബുദാബിയിലുമെത്തി.  കഴിഞ്ഞമാസം 15 ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ മധ്യസ്ഥതയിൽ വൈറ്റ് ഹൌസിൽ വച്ചാണ് യുഎഇ ഇസ്രയേലുമായി സമാധാനകരാറിൽ ഒപ്പുവച്ചത്.  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം ഈ കരാർ അംഗീകരിച്ചതായി പ്രഖ്യാപിച്ചു.  മേഖലയുടെ സമാധാനത്തിനും സ്ഥിരതയ്ക്കും കരാർ സഹായകരമാകുമെന്ന് മന്ത്രിസഭ അഭിപ്രായപ്പെട്ടു. 

ഇസ്രയേലുമായി സാമ്പത്തിക, സാംസ്കാരിക മേഖലകളിലെ സഹകരണത്തിന് ഇത് ആക്കം കൂട്ടുമെന്നും മന്ത്രിസഭ വിലയിരുത്തി. അതേസമയം, സമാധാനകരാറിലെ വ്യവസ്ഥകളും പ്രതിജ്ഞകളും പ്രാവർത്തികമാക്കുന്നതിന്  ഇസ്രയേൽ, യുഎഇ, യുഎസ് എന്നിവർ ചേർന്ന് മൂന്ന് ബില്യൻ ഡോളർ പ്രത്യേക ഫണ്ട് രൂപീകരിക്കാനും തീരുമാനമായി. ഇസ്രയേലിൽ എംബസി സ്ഥാപിക്കുന്നതിന് യുഎഇ ഔദ്യോഗിക അഭ്യർഥന നടത്തി.