കുവൈത്തിന് പുതിയ അമീർ; ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബാഹ് സ്ഥാനമേൽക്കും

കുവൈത്ത് കിരീടാവകാശിയായിരുന്ന ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബാഹ് രാജ്യത്തിൻറെ പുതിയ അമീറായി ഇന്ന് സ്ഥാനമേൽക്കും. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ഇന്നലെ മരിച്ചതിനെത്തുടർന്നാണ് കിരീടാവകാശിയുടെ ആരോഹണം. ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നു ഷെയ്ഖ് സബാഹെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

2006 ജനുവരി 29ന് ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് കുവൈത്ത് ഭരണാധികാരിയായി ചുമതലയേറ്റതിന് പിന്നാലെ ഫെബ്രുവരി ഏഴിനാണ് അർധസഹോദരനായ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ സബാഹിനെ പിൻതുടർച്ചാവകാശമുള്ള കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ഷെയ്ഖ് സബാഹിൻറെ മരണത്തിന് പിന്നാലെ ഇന്നലെ വൈകിട്ട് മന്ത്രിസഭ ചേർന്ന് 83 കാരനായ ഷെയ്ഖ് നവാഫിനെ രാജ്യത്തിൻറെ ആറാമത്തെ അമീറായി പ്രഖ്യാപിച്ചു. ഇന്ന് കുവൈത്ത് ദേശീയ അസംബ്ളി ചേർന്ന് ഷെയ്ഖ് നവാഫ് സത്യപ്രതിജ്ഞ ചെയ്യും.

ഷെയ്ഖ് സബാഹിൻറെ കബറടക്കത്തെക്കുറിച്ച് ഔദ്യഗികഅറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. കുവൈത്തിൽ മൂന്നുദിവസം പൊതുഅവധിയും 40ദിവസത്തെ ഔദ്യോഗികദുഖാചരണവും പ്രഖ്യാപിച്ചു. യുഎഇ, ഖത്തർ,ഒമാൻ എന്നിവിടങ്ങളിൽ മൂന്ന് ദിവസത്തെ ദുഖാചരണമുണ്ടാകും. അതേസമയം, കുവൈത്തിന് പ്രിയപ്പെട്ട ഭരണാധികാരിയേയും ഇന്ത്യയ്ക്ക് അടുത്ത സുഹൃത്തിനേയും ലോകത്തിന് മികച്ച രാഷ്ട്രതന്ത്രജ്ഞനേയുമാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി മോദി അനുശോചനസന്ദേശത്തിൽ പറഞ്ഞു. .ജിസിസിയിലേയും മറ്റ് രാജ്യങ്ങളിലെയും ഭരണാധിപൻമാരും അനുശോചനം അറിയിച്ചു.