ചരിത്രകരാറിനെ സ്വാഗതം ചെയ്ത് ഗൾഫ് രാജ്യങ്ങൾ; രൂക്ഷ വിമർശനവുമായി ഇറാൻ

ഇസ്രയേലുമായി കൈകോർക്കാനുള്ള യുഎഇയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് ഗൾഫ് രാഷ്ട്രങ്ങൾ.  ബഹ്റൈനും ഒമാനും യുഎഇയുടെ നീക്കത്തെ സ്വാഗതം ചെയ്തു. മുസ്ലിം ജനതയെ പിന്നിൽ നിന്നു കുത്തുന്നതാണ് തീരുമാനമെന്ന് ഇറാൻ പ്രതികരിച്ചു. അതേസമയം, തീരുമാനത്തില്‍ പ്രതിഷേധിച്ച് യുഎഇയിലെ അംബാസിഡറെ പലസ്തീന്‍ മടക്കിവിളിച്ചു.

ഗൾഫിൻറെ നേതൃനിരയിലുള്ള യുഎഇ, ഇസ്രയേലുമായി നയതന്ത്ര ബന്ധത്തിനൊരുങ്ങിയ തീരുമാനം അറബ് മേഖലയിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്. ഇസ്രയേൽ പരമ്പരാഗത വൈരികളെന്ന ചിത്രം മായുകയാണ്. യുഎഇയുടെ തീരുമാനത്തെ സൌദിഅറേബ്യ അടക്കം ജിസിസിയിലെ ആരും എതിർത്തിട്ടില്ല. ഒമാനും ബഹ്റൈനും പൂർണപിന്തുണ അറിയിക്കുകയും ചെയ്തു. യുഎഇക്കു പിന്നാലെ ബഹ്റൈനുമായും ഇസ്രയേൽ ഉടൻ നയതന്ത്ര ബന്ധം തുടങ്ങുമെന്നാണ് സൂചന. സൌദിയുടെ മൌനാനുവാദത്തോടെയായിരുന്നു ചർച്ചകളെന്നാണ് നയതന്ത്രവിദഗ്ദരുടെ വിലയിരുത്തൽ.

ഇസ്രയേലുമായി നേരത്തേ തന്നെ ബന്ധം തുടങ്ങിയ ജോർദാനും ഈജിപ്തും തീരുമാനത്തെ സ്വാഗതം ചെയ്തു. അതേസമയം, ഇറാനും തുർക്കിയും കടുത്ത എതിർപ്പറിയിപ്പ് രംഗത്തെത്തി. തീരുമാനം അപകടകരവും ലജ്ജാകരവുമാണെന്ന് ഇറാൻ വിദേശകാര്യമന്ത്രലയം പ്രസ്താവനയിൽ പറഞ്ഞു. യുഎഇയുടെ കപടസ്വഭാവത്തെ, ചരിത്രം മറക്കില്ലെന്നും ക്ഷമിക്കില്ലെന്നും തുർക്കി പ്രതികരിച്ചു. പലസ്തീൻ ജനതയുടെ അവകാശങ്ങളെ വഞ്ചിക്കുന്നതാണ് തീരുമാനമെന്ന് പലസ്തീൻ നേതാവ് മഹമ്മൂദ് അബ്ബാസും ഹമാസും പറഞ്ഞു. ബ്രിട്ടൺ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളും യു.എന്നുംതീരുമാനത്തെ സ്വാഗതം ചെയ്തു